​ഫ​റ്റോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ലെ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ

വിസ്മയം ഈ 'മലയാള മഞ്ഞ'

മഡ്ഗാവ്: ഫുട്ബാളിൽ അതിവിരളമായ കാഴ്ചകളിലൊന്നായിരുന്നു അത്. തങ്ങളുടേതല്ലാത്ത കളിയരങ്ങളിലേക്ക് അഞ്ഞൂറും ആയിരവും കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് അവരൊന്നായി ഒഴുകിയെത്തി വിദൂരദേശത്തെ ആ ഗാലറികൾ പിടിച്ചടക്കി. എന്നിട്ട്, കളത്തിൽ കലാശപ്പോരുകളിക്കുന്ന സ്വന്തം കളിക്കൂട്ടത്തിന് ഉയിരുകൊടുക്കുന്ന പോലെയുള്ള ഉശിരും ഉണർവും പകർന്നു. ഹോം ഗ്രൗണ്ടിനെ വെല്ലുന്ന ഗ്രൗണ്ട് സപ്പോർട്ടൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായിരുന്നു ഐ.എസ്.എൽ ഫൈനലിന്റെ വലിയ വിസ്മയങ്ങളിലൊന്ന്.

കളത്തിലെ മഞ്ഞയായിരുന്നില്ല ഗാലറിയിലെ മഞ്ഞ. രണ്ടും നേർവിപരീത ദിശകളിലായിരുന്നു. മഞ്ഞക്കെതിരെ കറുപ്പണിഞ്ഞ് കളിച്ചവർക്കു വേണ്ടിയായിരുന്നു മഞ്ഞയണിഞ്ഞ ഗാലറിയുടെ ആവേശവും ആഘോഷവുമെല്ലാം. കാലങ്ങളായി അടച്ചിട്ട കളിയിടത്തിലേക്ക് വർധിത വീര്യത്തോടെയാണ് അവരെത്തിയത്.

അഞ്ചു മണി മുതലായിരുന്നു കാണികൾക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം. അകം മഞ്ഞയണിയും മുമ്പ് പക്ഷേ, സ്റ്റേഡിയത്തിന്റെ ചുറ്റുവഴികളും പരിസരവും ഉച്ചമുതലേ മഞ്ഞയിൽ കുതിർന്നു. ആരാധകക്കൂട്ടങ്ങൾ ആവേശത്തിന്റെ ഉച്ചിയിലാണ് ഫറ്റോർഡയിലേക്കൊഴുകിയത്. ടീം ജഴ്സിയണിഞ്ഞും ആർപ്പുവിളി മുഴക്കിയും ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോവയിലേക്കുള്ള വരവ് ആഘോഷമാക്കി. എല്ലാം മുൻകൂട്ടിക്കണ്ട്, മുഖത്ത് ചായം പൂശുന്നവരും ജഴ്സി വിൽപനക്കാരുമൊക്കെ നേരത്തേ രംഗത്തെത്തിയിരുന്നു. ചായം പൂശുന്നവരുടെ കൈയിൽ മഞ്ഞയും നീലയും നിറങ്ങൾ മാത്രം. കച്ചവടം പിടിക്കാനെന്നോണം അവരുടെ തലയിൽ ബ്ലാസ്റ്റേഴ്സിന്റെ റിബണും കവിളത്ത് KBFC എന്ന എഴുത്തും. അവസരം മുതലെടുത്ത് 99 രൂപ വിലയുള്ള ഗാലറി ടിക്കറ്റ് 2000നും 3000നും കരിഞ്ചന്തയിൽ വിൽക്കുന്നവരുമുണ്ടായിരുന്നു. അവയും ചൂടപ്പം പോലെ വിറ്റു പോയി.

സ്റ്റേഡിയത്തിനുപുറത്തെ ആവേശ നിമിഷങ്ങളുടെ ഭാഗമാകാൻ കാണികളിൽ വലിയൊരു പങ്ക് അവസാന ഘട്ടത്തിലാണ് അകത്തേക്ക് കയറിയത്. അതിനകം ഗാലറികളിലെത്തിയവർ 'ഉത്സവം' തുടങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കളിക്കൂട്ടം മൈതാനത്ത് പ്രവേശിച്ച വേളയിൽ സ്റ്റേഡിയം ആരവങ്ങളിൽ മുങ്ങി. പിന്നാലെ കളിക്കാരുടെ ലിസ്റ്റ് പ്രദർശിപ്പിച്ചപ്പോൾ ഓരോ ബ്ലാസ്റ്റേഴ്സ് കളിക്കാരനും കാതടപ്പിക്കുന്ന കരഘോഷങ്ങളുടെ അകമ്പടിയായിരുന്നു. ഏറ്റവും കൂടുതൽ കൈയടി കിട്ടിയത് കോച്ച് ഇവാൻ വുകുമാനോവിച്ചിന്. നോർത്ത് അപ്പർ സ്റ്റാൻഡിലെ നൂറിൽ താഴെ ഹൈദരാബാദുകാരെ മാറ്റി നിർത്തിയാൽ സ്റ്റേഡിയം മുഴുവൻ മലയാളത്തിന്റെ മഞ്ഞയായിരുന്നു.

കളി തുടങ്ങിയതും ഗാലറി 'പണി' തുടങ്ങി. ബ്ലാസ്റ്റേഴ്സിന്റെ ടാക്ലിങ്ങും ക്ലിയറിങ്ങും ത്രോ ഇന്നും വരെ അവർ ആഘോഷമാക്കി. ഗോളവസരങ്ങൾക്ക് മാത്രമല്ല, ഓരോ ടച്ചിനും ആരവങ്ങൾ അകമ്പടിയായി. ഗോളെന്നുറപ്പിച്ച ഷോട്ട് ക്രോസ്ബാറിലിടിച്ച് വഴിമാറിയകന്നപ്പോൾ പൊതിഞ്ഞ നിരാശ മൂളക്കമായി സ്റ്റേഡിയം നിറഞ്ഞു.

ഒടുവിൽ കെ.പി. രാഹുലിന്റെ ഷോട്ട് കട്ടിമണിയെ കീഴടക്കി വലക്കണ്ണികളിൽ പ്രകമ്പനം തീർത്തതോടെ ഗാലറി ഉന്മാദ നൃത്തം ചവിട്ടി... മിനിറ്റുകൾ നീളുന്നതായിരുന്നു ആഘോഷം. പക്ഷേ, അതിന്റെ അലയൊലിയടങ്ങുംമുമ്പെ ഹൈദരാബാദ് നിറയൊഴിച്ചതോടെ കാണികൾ സ്തബ്ധരായി.

Tags:    
News Summary - Thousands of fans to watch the ISL final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT