ദോഹ: ലോകം കൺപാർക്കാൻ കാത്തുകാത്തിരിക്കുന്ന കളിയുടെ വിശ്വമേളയിൽ ഇടമില്ലെങ്കിലെന്ത്? ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ഒരു മത്സരമായെടുത്താൽ 'ക്വാർട്ടർ ഫൈനലി'ലെങ്കിലും ഇന്ത്യക്ക് സ്ഥാനമുണ്ടാകും. ടിക്കറ്റ് വിൽപനയുടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവുമധികം കാണികളെത്തുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഇടമുണ്ട്. ആദ്യപത്തിൽ ഔദ്യോഗികമായി ഇടം ലഭിച്ചില്ലെങ്കിലും ഖത്തറും യു.എ.ഇയും സൗദിയുമുൾപ്പെടെ പ്രവാസലോകത്തുള്ള ഇന്ത്യക്കാരെകൂടി ചേർത്താൽ ആദ്യ പത്തിനുള്ളിൽ ഉൾപ്പെടുമെന്നുറപ്പ്.
കണക്കുകൾ പ്രകാരം ഇന്ത്യയിൽ 30,000ത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഖത്തറിലും മറ്റു മിഡിലീസ്റ്റ് രാജ്യങ്ങളിലുമായി 30000-40000 ഇന്ത്യക്കാരും ടിക്കറ്റെടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ ലോകകപ്പിനെത്തുന്ന കാണികളിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാവുമെന്നതിൽ സംശയമില്ല. രണ്ടാംഘട്ട ടിക്കറ്റ് വിൽപന അവസാനിക്കുമ്പോഴുള്ള കണക്കാണിത്. ആദ്യ ഘട്ടം ടിക്കറ്റ് വിൽപന അവസാനിക്കുമ്പോൾ ഇന്ത്യ ആറാമതായിരുന്നു.
ലോകകപ്പിൽ മാറ്റുരക്കുന്ന ടീമുകളുടെ ദേശീയപതാകകളാൽ അലംകൃ തമായ ദോഹ
ചില വംശീയവാദികളും കുടില ചിന്താഗതിക്കാരുമുയർത്തുന്ന ബഹിഷ്കരണ ഭീഷണിയും നിശിത വിമർശനങ്ങളുമൊന്നും ഫുട്ബാൾ പ്രേമികൾ ചെവിക്കൊണ്ടില്ലെന്ന് തെളിയിക്കുന്നതുകൂടിയാണ് ടിക്കറ്റ് വിൽപന സംബന്ധിച്ച കണക്കുകൾ. യൂറോപ്പിൽനിന്ന് ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ടിക്കറ്റ് വാങ്ങിയവരുടെ മുൻനിരയിലുണ്ട്. ആതിഥേയരായ ഖത്തറാണ് ടിക്കറ്റ് വിൽപനയിൽ ഒന്നാമത്.
സൗദി അറേബ്യ മൂന്നാമതും യു.എ.ഇ ആറാമതുമുണ്ട്. യു.എസ്.എ, മെക്സികോ, അർജന്റീന, ബ്രസീൽ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.ഇന്ത്യയിൽനിന്ന് വിമാനം ചാർട്ടർ ചെയ്ത് വരുന്ന കാണികളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഹൈ നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ് ഏറെയെണ്ണം ബുക് ചെയ്തതോടെ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഏറക്കുറെ സോൾഡ് ഔട്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.