സ്‌പെയിനിനെ അട്ടിമറിച്ച് സ്വിറ്റ്‌സർലൻഡ്; ചെക്കിനെ ഗോളിൽ മുക്കി പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ സ്‌പെയിനിനെ അട്ടിമറിച്ച് സ്വിറ്റ്‌സർലൻഡ്. സരഗോസയിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു സ്വിസ് പോരാളികളുടെ വിജയം. ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ സ്‌പെയിനിന്റെ ആദ്യ തോൽവിയാണിത്. മാനുവൽ അകാൻജി, ബ്രീൽ എംബോളോ എന്നിവരാണ് സ്​പെയിൻ വല കുലുക്കിയത്. 2018ന് ശേഷം സ്വന്തം മണ്ണിൽ തോൽവിയറിയാതെ 22 മത്സരങ്ങൾ പൂർത്തിയാക്കിയ സ്​പെയിനിന്റെ പടയോട്ടത്തിനും ഇതോടെ വിരാമമായി.

സ്റ്റാർട്ടിങ് ലൈനപ്പിൽ ആറ് ബാഴ്‌സലോണ താരങ്ങളെയാണ് കോച്ച് ലൂയിസ് എൻറിക് അണിനിരത്തിയത്. പെഡ്രി, ഗാവി, സെർജിയോ ബുസ്‌ക്വെറ്റസ് എന്നിവരടങ്ങിയ മിഡ്‌ഫീൽഡ് ത്രയം ഉൾപ്പെടെയാണ് കളത്തിലെത്തിയത്. റയൽ മാഡ്രിഡിന്റെ മാർക്കോ അസെൻസിയോ, പി.എസ്.ജിയുടെ പാബ്ലോ സരാബിയ, ഫെറാൻ ടോറസ് എന്നിവരും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റി താരം അകാൻജിയാണ് 21ാം മിനിറ്റിൽ കോർണറിലൂടെ ആദ്യം സ്​പെയിൻ വലകുലുക്കിയത്. എന്നാൽ, ജോർഡി ആൽബയിലൂടെ 55ാം മിനിറ്റിൽ സ്​പെയിൻ തിരിച്ചടിച്ചു. സമനിലയുടെ ആശ്വാസത്തിന് മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. ബ്രീൽ എംബോളോ വീണ്ടും സ്​പെയിൻ വലയിൽ പന്തെത്തിച്ചു. തിരിച്ചടിക്കാൻ സ്​പെയിൻ ആക്രമണം ശക്തമാക്കിയെങ്കിലും വിജയം കണ്ടില്ല. കളിയിൽ 75 ശതമാനവും പന്ത് കൈവശം വെച്ചത് സ്​പെയിൻ ആയിരുന്നെങ്കിലും ഗോളടിക്കാൻ മറന്നതാണ് തിരിച്ചടിയായത്.

ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് പോർച്ചുഗൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഡിയാഗൊ ഡാലോട്ട് ഇരട്ട ഗോൾ നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ജോട്ട എന്നിവരുടെ വകയായിരുന്നു ഓരോ ഗോളുകൾ.

അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയന്റോടെ പോർച്ചുഗലാണ് ഗ്രൂപ്പിൽ മുന്നിൽ. സ്​പെയിൻ എട്ടു പോയന്റുമായി രണ്ടാമതും സ്വിറ്റ്സർലൻഡ് ആറു പോയന്റുമായി മൂന്നാമതുമാണ്. നാല് പോയന്റ് മാത്രമുള്ള ചെക്ക് റിപ്പബ്ലിക്കാണ് അവസാന സ്ഥാനത്ത്.

Tags:    
News Summary - Switzerland overthrew Spain; Portugal beat the Czech Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.