ചാമ്പ്യൻസ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബിന്! സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു...

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞദിവസമാണ് പൂർത്തിയായത്. ഹെവിവെയ്റ്റ് പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്.

പിന്നാലെയാണ് സൂപ്പർ കമ്പ്യൂട്ടർ ചാമ്പ്യൻസ് ലീഗ് വിജയികളെ പ്രവചിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്. 28 ശതമാനം സാധ്യതയാണ് കമ്പ്യൂട്ടർ നൽകുന്നത്. റെക്കോഡ് ജേതാക്കളും (14 തവണ) നിലവിലെ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡിന് നാലാം സ്ഥാനമാണ് പ്രവചിക്കുന്നത്. 13 ശതമാനം സാധ്യത.

റയൽ മഡ്രിഡ് രണ്ടാം കിരീടം തേടുന്ന ചെൽസിയെയും ആറുവട്ടം ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് മാഞ്ചസ്റ്റർ സിറ്റിയെയുമാണ് ക്വാർട്ടറിൽ നേരിടുക. ഏഴു തവണ ജേതാക്കളായ എ.സി മിലാന് ആദ്യ കിരീടം ലക്ഷ്യമിടുന്ന നാപോളിയാണ് എതിരാളികൾ. മൂന്നുവട്ടം ചാമ്പ്യന്മാരായ ഇന്റർ മിലാൻ രണ്ടു കിരീടം കൈവശമുള്ള ബെൻഫികയെ നേരിടും.

ജർമൻ വമ്പന്മാരായ ബയേൺ 18 ശതമാനം സാധ്യതയുമായി രണ്ടാം സ്ഥാനത്താണ്. ഇറ്റാലിയൻ ക്ലബ് നാപോളിക്കാണ് മൂന്നാമത്തെ സാധ്യതയെന്നതാണ് ഏവരെയും അത്ഭുതപ്പെടുന്നത്. 17 ശതമാനമാണ് ജയസാധ്യത. ഇംഗ്ലീഷ് ക്ലബ് ചെൽസി സാധ്യതയിൽ ഏഴാമതാണ്. അഞ്ചു ശതമാനം. എ.സി മിലാനാണ് മൂന്നു ശതമാനവുമായി ഏറ്റവും പിന്നിൽ. അഞ്ചാമയ് ബെൻഫിക്കയും (10 ശതമാനം), ആറാമത് ഇന്‍റർ മിലാനുമാണ് (ആറു ശതമാനം).

നിലവിൽ പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന സിറ്റി പോയന്‍റ് പട്ടികയിൽ രണ്ടാമതാണ്. ഒന്നാമതുള്ള ആഴ്സണലിനേക്കാൾ അഞ്ചു പോയന്‍റിന്‍റെ കുറവ്. 2020-21 സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം സെമിയിൽ പുറത്തായി. ഏപ്രിൽ 11,12 തീയതികളിലാണ് ആദ്യപാദ ക്വാർട്ടർ. രണ്ടാം പാദം ഏപ്രിൽ 18,19നുമായി നടക്കും.

റയൽ-ചെൽസി, ബയേൺ-സിറ്റി മത്സരവിജയികളാണ് സെമിയിൽ ഏറ്റുമുട്ടുക. മിലാൻ-നാപോളി, ഇന്റർ-ബെൻഫിക മത്സര വിജയികൾ തമ്മിലാവും മറ്റൊരു സെമി. സെമി ആദ്യ പാദം മേയ് 9, 10നും രണ്ടാം പാദം മേയ് 16,17നുമാണ് നടക്കുക. ജൂൺ 10ന് ഇസ്തംബൂളിലാണ് ഫൈനൽ.

Tags:    
News Summary - Supercomputers predicts MANCHESTER CITY winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.