നാലടിയിൽ നാണംകെട്ട് യുനൈറ്റഡ്; യൂറോപ്യൻ ഫുട്ബാൾ മോഹങ്ങൾക്ക് തിരിച്ചടി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് നാണംകെട്ട തോൽവി. ക്രിസ്റ്റൽ പാലസിനോട് ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ടെൻ ഹാഗും സംഘവും തകർന്നടിഞ്ഞത്.

തോൽവി യുനൈറ്റഡിന്‍റെ അടുത്ത സീസണിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി. നിലവിൽ 35 മത്സരങ്ങളിൽനിന്ന് 54 പോയന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്. ലീഗിൽ ഏഴാമത് ഫിനിഷ് ചെയ്താൽ യുനൈറ്റഡിന് അടുത്ത സീസണിൽ യൂറോപ്പ കോൺഫറൻസ് ലീഗിൽ കളിക്കാം. എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാൽ യൂറോപ്പ ലീഗിന് യോഗ്യത നേടാനാകും.

ഒരുഘട്ടത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി ആസ്റ്റൺ വില്ലയുമായി മത്സരിച്ചിരുന്ന യുനൈറ്റഡാണ്, ഈ നിലയിലേക്ക് വീണത്. ലീഗിൽ ഇനിയുള്ള മത്സരങ്ങളും യുനൈറ്റഡ് കടുപ്പമേറിയതാണ്. 12ന് ആഴ്സണൽ, 16ന് ന്യൂകാസിൽ എന്നിവരുമായാണ് മത്സരങ്ങൾ. ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ 12ാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡെടുത്തു.

മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് മിഷേൽ ഒലിസെ നടത്തിയ ഒറ്റയാൾ നീക്കമാണ് ഗോളിലെത്തിയത്. പ്രതിരോധ താരങ്ങൾക്കിടയിലൂടെ 20 വാര വരെ ഓടിയെത്തി താരം തൊടുത്ത ഒരു ഇടങ്കാൽ ഷോട്ടാണ് ആന്ദ്രെ ഒനാനയെ മറികടന്ന് വലയിലെത്തിയത്. 40ാം മിനിറ്റിൽ ഫിലിപ്പെ മറ്റേറ്റ ലീഡ് വർധിപ്പിച്ചു. പ്രതിരോധ താരത്തെ മറികടന്ന് ഇടതുപാർശ്വത്തിലേക്ക് ഓടിക്കയറി താരം തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയിൽ. 58ാം മിനിറ്റിൽ ടൈറിക് മിച്ചൽ ഒരു ക്ലോസ് റേഞ്ചിൽനിന്ന് ഗോൾ നേടി. 66ാം മിനിറ്റിൽ ഫ്രഞ്ച് യുവതാരം ഒലിസെയുടെ പവർ ഷോട്ട് വലയിൽ, താരത്തിന്‍റെ മത്സരത്തിലെ രണ്ടാം ഗോൾ.

കാസെമിറോയുടെ പിഴവാണ് ഗോളിലെത്തിയത്. മത്സരത്തിൽ രണ്ടു തവണ കസെമിറോ എതിരാളികളുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഗോൾ അനുവദിക്കപ്പെട്ടില്ല. ഒന്ന് ഫൗളിലും മറ്റൊന്ന് ഓഫ് സൈഡ് ട്രാപ്പിലും കുരുങ്ങി. സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ക്രിസ്റ്റൽ പാലസിനെതിരെ യുനൈറ്റഡ് കാഴ്ചവെച്ചത്. ചെൽസിക്കും 54 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിന്‍റെ ആനുകൂല്യത്തിൽ അവർ ഏഴിലെത്തി. കിരീടപോര് ക്ലൈമാക്സിലേക്ക് നീങ്ങുന്നതിനാൽ ആഴ്സണലിന് ഇനിയുള്ള രണ്ടു മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

Tags:    
News Summary - Premier League: Crystal Palace 4-0 Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.