ഒരു ഗോളും അഞ്ചു അസിസ്റ്റുമായി മെസ്സി; സുവാരസിന് ഹാട്രിക്; റെഡ് ബുൾസിനെ കശക്കിയെറിഞ്ഞ് മയാമി

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ഒരു ഗോളും അഞ്ചു അസിസ്റ്റുമായി സൂപ്പർതാരം ല‍യണൽ മെസ്സി നിറഞ്ഞാടിയ മത്സരത്തിൽ ഇന്‍റർ മയാമിക്ക് തകർപ്പൻ ജയം.

രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ന്യൂയോർക്ക് റെഡ് ബുൾസിനെ മെസ്സിയും സംഘവും കശക്കിയെറിഞ്ഞത്. ഉറുഗ്വായ് താരം ലൂയിസ് സുവാരസ് ഹാട്രിക് നേടി. മാത്തിയസ് റോജസ് ഇരട്ട ഗോളുമായി തിളങ്ങി. ഡാന്‍റോ വാൻസീറും എമിൽ ഫോർസ്ബെർഗും റെഡ് ബുൾസിനായി വലകുലുക്കി. മത്സരത്തിൽ മയാമി നേടിയ ആറു ഗോളുകൾക്കും മെസ്സി ടെച്ചുണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു കളിക്കാരൻ എം.എൽ.എസിൽ ഒരു മത്സരത്തിൽ ആറ് ഗോളുകളുടെ ഭാഗമാകുന്നത്.

സീസണിൽ മയാമിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെസ്സി 11 മത്സരങ്ങളിൽനിന്ന് 12 ഗോളുകളാണ് ഇതുവരെ നേടിയത് 11 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. മത്സരത്തിന്റെ ആദ്യ പകുതി റെഡ് ബുൾസിന്റേതായിരുന്നു. 30ാം മിനിറ്റിൽ ഡാന്റേ വാൻസീറിലൂടെ അവർ ലീഡും നേടി. എന്നാൽ രണ്ടാം പകുതിയിൽ മയാമി എതിരാളികളെ കാഴ്ചക്കാരാക്കി കളം പിടിക്കുന്നതാണ് കണ്ടത്. 48ാം മിനിറ്റിൽ റോജസിലൂടെ മയാമി ഒപ്പമെത്തി. ഗോളിന് വഴിയൊരുക്കിയത് മെസ്സി. 50ാം മിനിറ്റിൽ മെസ്സി ലീഡ് വർധിപ്പിച്ചു. 62ാം മിനിറ്റിൽ റോജസ് തന്റെ രണ്ടാം ഗോൾ നേടി.

പിന്നെ സുവാർസ്-മെസ്സി കൂട്ടുകെട്ടിന്റെ നിറഞ്ഞാട്ടമായിരുന്നു. മെസ്സിയുടെ പാസിൽനിന്ന് ഒന്നിനു പിറകെ ഒന്നായി സുവാരസിന്റെ മൂന്ന് ഗോളുകൾ. 68, 75, 81 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഇതോടെ 6-1ന് മയാമി മുന്നിലെത്തി. 97-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എമിൽ ഫോർസ്ബർഗ് വലയിലാക്കി തോൽവി ഭാരം അൽപം കുറച്ചു. മയാമിക്ക് 6-2ന്റെ ആധികാരിക ജയം. ഒരു മാസം മുമ്പ് മെസ്സിയില്ലാതെ ഇറങ്ങിയ മയാമിയെ റെഡ് ബുൾസ് ഏകപക്ഷീയമായി നാലു ഗോളിന് തകർത്തിരുന്നു.

ജയത്തോടെ ഇന്റർ മയാമി ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 24 പോയന്റുമായി ഒന്നാമത് തുടരുകയാണ്. 21 പോയന്‍റുള്ള സിൻസിനാറ്റിയാണ് രണ്ടാമത്.

Tags:    
News Summary - Lionel Messi collects five assists and one goal as Inter Miami blasts NY Red Bulls in MLS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT