വിനീഷ്യസിന്‍റെ ചുവപ്പ് കാർഡ് റദ്ദാക്കി; വലൻസിയക്ക് പിഴയും കാണികളെ പ്രവേശിപ്പിക്കുന്നതിന് ഭാഗിക വിലക്കും

മഡ്രിഡ്: റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറിനെതിരെ തുടരെത്തുടരെയുണ്ടായ വംശീയാധിക്ഷേപത്തിൽ നടപടിയുമായി ഒടുവിൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ. വലൻസിയ ക്ലബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം രൂപ) പിഴയിട്ട അസോസിയേഷൻ, ഇവരുടെ സൗത്ത് സ്റ്റാൻഡിലേക്ക് അടുത്ത അഞ്ച് മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി.

നടപടി അന്യായമാണെന്ന് പ്രതികരിച്ച ക്ലബ് അധികൃതർ അപ്പീൽ പോവുമെന്നും അറിയിച്ചു. അതേസമയം, വലൻസിയക്കെതിരായ കളിയിൽ വിനീഷ്യസിന് ചുവപ്പ് കാർഡ് കാണിച്ചത് റദ്ദാക്കാൻ കോംപറ്റീഷൻ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ചയാണ് വലൻസിയയുടെ മെസ്റ്റല്ല സ്റ്റേഡിയത്തിൽ റയലുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ വിനീഷ്യസ് രൂക്ഷമായ അധിക്ഷേപത്തിന് ഇരയായത്. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം.

ഇപ്രകാരം മുന്നോട്ടുപോവാൻ കഴിയില്ലെന്ന് വിനീഷ്യസ് വ്യക്തമാക്കിയതിനെത്തുടർന്ന് പത്ത് മിനിറ്റിലധികം മത്സരം തടസ്സപ്പെട്ടു. എതിർ ടീമുമായുള്ള തർക്കത്തിനിടെ വലൻസിയ സ്ട്രൈക്കർ ഹ്യൂഗോ ഡ്യൂറോയുടെ മുഖത്ത് വിനീഷ്യസിന്റെ കൈ തട്ടിയതിന്റെ പേരിൽ റഫറി താരത്തിന് ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കി. സ്പെയിനും ലാ ലീഗയും വംശീയാധിക്ഷേപകരുടെ കേന്ദ്രമായി മാറിയെന്ന് വിനീഷ്യസ് തുറന്നടിച്ചിരുന്നു. താരത്തിന് പിന്തുണയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.

ബ്രസീലിലെ ഭരണനേതൃത്വവും സംഭവത്തെ അപലപിച്ചു. താരത്തിന്റെ മാതൃരാജ്യത്ത് നിരവധി പേർ തെരുവിലിറങ്ങി. ചുവപ്പ് കാർഡ് കാണിച്ചതിനെ റയൽ ചോദ്യം ചെയ്തിരുന്നു. ബാഴ്സലോണ പരിശീലകൻ സാവി അടക്കം വിനീഷ്യസിനെതിരായ നടപടിയിൽ അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. താരത്തെ വംശീയമായി അധിക്ഷേപിച്ച വിവിധ സംഭവങ്ങളിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായി.

Tags:    
News Summary - Spanish football federation orders partial stadium ban and fine for racism suffered by Vinícius Jr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.