നേഷൻസ് ലീഗ് കിരീടം സ്പെയിനിന്; ക്രൊയേഷ്യയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

ആംസ്റ്റർഡം: യുവേഫ നേഷൻസ് ലീഗ് കിരീടം സ്‌പെയിനിന്. ക്രൊയേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് പരാജയപ്പെടുത്തിയാണ് സ്‌പെയിൻ കിരീടം നേടിയത്. സ്പെയിനിന്‍റെ ആദ്യ നേഷൻസ് ലീഗ് കിരീടമാണിത്. 

വാശിയേറിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും ഗോളടിക്കാതെ സമനിലയിലായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ക്രൊയേഷ്യയുടെ ലവ്‌റോ മയറിന്റെയും പെറ്റ്‌കോവിച്ചിന്റെയും കിക്കുകൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു. സ്പാനിഷ് താരം ലപോർട്ടയുടെ കിക്ക് പാഴായെങ്കിലും അവസാന കിക്കെടുത്ത കാർവഹാൽ സ്പെയിനിന് കിരീടം സമ്മാനിച്ചു.


കിരീടനേട്ടത്തോടെ, ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷൻസ് ലീഗ് കപ്പും നേടുന്ന രണ്ടാമത്തെ ടീമായി സ്പെയിൻ. ഫ്രാൻസാണ് മൂന്ന് കിരീടവും നേടിയ ആദ്യ ടീം. 2012ലെ യൂറോ കപ്പിന് ശേഷം സ്പെയിൻ നേടുന്ന ആദ്യ കിരീടമാണിത്. കഴിഞ്ഞ തവണ നേഷൻസ് ലീഗിന്റെ ഫൈനലിൽ ഫ്രാൻസിന് മുന്നിൽ സ്പെയിൻ കീഴടങ്ങുകയായിരുന്നു. 


സെമി ഫൈനലിൽ ഇറ്റലിയെയാണ് സ്പെയിൻ തോൽപ്പിച്ചത്. നെതർലൻഡ്സിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരത്തിൽ നെതർലൻഡ്സിനെ ഇറ്റലി 3-2ന് തോൽപ്പിച്ചു. 

Tags:    
News Summary - Spain beat Croatia in penalties to win Nations League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.