ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് ഞെട്ടിക്കുന്ന തോൽവി

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ബെൽജിയൻ ക്ലബ് റോയൽ ആന്റ് വെർപിനോട് രണ്ടിനെതിരെ ​മൂന്ന് ഗോളിനാണ് അടിതെറ്റിയത്. മത്സരം തുടങ്ങി 80 സെക്കൻഡ് ആയപ്പോഴേക്കും ബാഴ്സയെ ഞെട്ടിച്ച് ആന്റ് വെർപ് ലീഡെടുത്തു. ബാഴ്സ ഗോൾകീപ്പർ ഇനാകിയുടെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ഇരുവശത്തും ഒഴിഞ്ഞുനിൽക്കുന്നവരുണ്ടായിട്ടും ഇനാകി പന്ത് കൈമാറിയത് എതിർ താരം ഒപ്പമുണ്ടായിരുന്ന റൊമേയോവിനായിരുന്നു. പാസ് കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ട റൊമിയുവിൽനിന്ന് പന്തെത്തിയത് എതിർ ടീമിലെ കൗമാര താരം ആർതർ വെർമീരാന്. കിട്ടിയ അവസരം പാഴാക്കാതെ താരം ബുള്ളറ്റ് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. എന്നാൽ, 35ാം മിനിറ്റിൽ യാമിൻ യമാലിന്റെ മനോഹര അസിസ്റ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സ തിരിച്ചടിച്ചു. 48ാം മിനിറ്റിൽ ബെൽജിയൻകാർ വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. നിമിഷങ്ങൾക്കകം ലാമിൻ യമാലിന്റെ തകർപ്പൻ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത് ബാഴ്സക്ക് തിരിച്ചടിയായി.

എന്നാൽ, 56ാം മിനിറ്റിൽ വിൻസന്റ് ജാൻസൻ ആന്റ്വെർപിനെ മുന്നിലെത്തിച്ചു. ഇത്തവണയും ഗോൾപിറന്നത് ബാഴ്സ പ്രതിരോധ താരം റൊമേയോയുടെ പിഴവിലായിരുന്നു. റൊമേയോയിൽനിന്ന് എതിർതാരം യൂസുഫ് തട്ടിയെടുത്ത പന്ത് ജാൻസന് കൈമാറി. പെർഫെക്ട് പാസ് നെറ്റിലേക്ക് തട്ടി​യിടേണ്ട ദൗത്യമേ ജാൻസനുണ്ടായിരുന്നുള്ളൂ. 71ാം മിനിറ്റിൽ കോലിബാലിയുടെ ഹെഡർ ക്രോസ് ബാറിനെ ചാരി പുറത്തായത് ബാഴ്സക്ക് രക്ഷയായി.

തോൽവി ഉറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ എടുത്ത ഫ്രീകിക്കിൽ തലവെച്ച് മാർക് ഗ്യൂ ബാ​ഴ്സയുടെ സമനില ഗോൾ കണ്ടെത്തി. എന്നാൽ, അവരുടെ ആശ്വാസത്തിന് ഒരു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. ജോർജ് ഇലെനി​ഖേനയുടെ ഗോളിൽ ആന്റ് വെർപ് സ്വപ്നവിജയം ഉറപ്പിക്കുകയായിരുന്നു.

​ഗ്രൂപ്പ് എച്ചിൽ മുമ്പ് കളിച്ച അഞ്ചു മത്സരങ്ങളും തോറ്റ ബെൽജിയൻ ചാമ്പ്യന്മാരോടാണ് ബാഴ്സ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. തോറ്റെങ്കിലും 12 പോയന്റുമായി കറ്റാലന്മാർ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. എഫ്.സി പോർട്ടോക്കും 12 പോയന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സ മുന്നിലെത്തുകയായിരുന്നു. ഒമ്പത് പോയന്റുമായി ഷാക്തർ ഡോനറ്റ്സ്ക് ആണ് മൂന്നാമത്.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 3-2ന് റെഡ്സ്റ്റാൻ ബെൽഗ്രേഡിനെയും അത്‍ലറ്റികോ മാഡ്രിഡ് 2-0ത്തിന് ലാസിയോയേയും എ.സി മിലാൻ 2-1ന് ന്യൂകാസിൽ യുനൈറ്റഡിനെയും എഫ്.സി പോർട്ടോ 5-3ന് ​ഷാക്തർ ഡോനറ്റ്സ്കിനെയും ആർ.ബി ലെയ്പ്സിഷ് 2-1ന് യങ് ബോയ്സിനെയും സെൽറ്റിക് 2-1ന് ഫെയനൂർഡിനെയും തോൽപിച്ചപ്പോൾ പി.എസ്.ജി-ബൊറൂസിയ ഡോട്ട്മുണ്ട് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 

Tags:    
News Summary - Shocking defeat for Barcelona in the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.