സൗ​ദി​യി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി ദോ​ഹ​യി​ലെ​ത്തി​യ അ​ബ്ദു​ല്ല അ​ൽ സ​ലാ​മി​യെ കോ​ർ​ണി​ഷി​ലെ കൗ​ണ്ട്ഡൗ​ൺ ക്ലോ​ക്കി​ന് മു​ന്നി​ൽ കേ​ക്ക് മു​റി​ച്ച് വ​​ര​വേ​ൽ​ക്കു​ന്നു.

നടന്നു നടന്ന് സലാമി ദോഹയിലെത്തി

ദോഹ: പന്തുരുളാൻ രണ്ടാഴ്ചയിലേറെ ദിവസങ്ങൾ ബാക്കിനിൽക്കെ സൗദിയിൽ നടത്തം തുടങ്ങിയ അബ്ദുല്ല അൽ സലാമി ദോഹയിലെത്തി. സെപ്റ്റംബർ ആദ്യ വാരത്തിൽ സൗദിയിലെ ജിദ്ദയിൽനിന്നും തുടങ്ങിയ കാൽനട യാത്രയാണ് രണ്ടു മാസം തികയും മുമ്പേ ലോകകപ്പിന്റെ വേദിയിൽ സമാപിച്ചത്. ഞായറാഴ്ച രാത്രിയിൽ അബു സംറ അതിർത്തി കടന്ന അൽ സലാമി അടുത്ത ദിവസം ദോഹ കോർണിഷിലെത്തിയപ്പോൾ ആരാധകർ ഒരുക്കിയത് വൻ വരവേൽപ്പായിരുന്നു. 55ദിവസം കൊണ്ടാണ് 1600 കിലോ മീറ്റർ ദൂരം സഞ്ചരിച്ചത്.

ജിദ്ദയിൽനിന്നും ബാഗുമണിഞ്ഞ് സൗദി, ഖത്തർ ദേശീയ പതാകകൾ കുത്തിവെച്ച് നടന്നു നീങ്ങിയ അൽ സലാമിയുടെ ലോകകപ്പ് യാത്ര നേരത്തേ തന്നെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സൗദി ഗ്രാമങ്ങളും വിവിധ ഗോത്ര മേഖലകളും കടന്നുള്ള യാത്രയുടെ വിവരങ്ങൾ സമൂഹമാധ്യമ പേജുകളിലൂടെ ലോകവുമായി പങ്കുവെച്ചു. ചെറിയ ടെന്റും അത്യാവശ്യ വസ്തുക്കളും കരുതിയായിരുന്നു യാത്ര. പകലും രാത്രിയും നീണ്ട യാത്രകഴിഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തിയ അൽ സലാമിയെ ദോഹയിലെ ആരാധകർ ആവേശത്തോടെ വരവേറ്റു.

കോർണിഷിലെ കൗണ്ട് ഡൗൺ ക്ലോക്കിന് മുന്നിൽ കേക്ക് മുറിച്ചും ചിത്രം പകർത്തിയുമായിരുന്നു അയൽനാട്ടിൽ നിന്നെത്തിയ ആരാധകനെ ഖത്തർ സ്വീകരിച്ചത്. യാത്രയുടെ പ്രതീകമായി ചെങ്കടലിൽ നിന്നും ഒരു കുപ്പിയിൽ ശേഖരിച്ച വെള്ളവുമായാണ് സലാമി ദോഹയിലെത്തിയത്. ഇത് അറേബ്യൻ ഉൾക്കടലിൽ ഒഴിച്ചായിരുന്നു ഫുട്ബാൾ ആവേശത്തിലേക്കുള്ള സഞ്ചാരം പൂർത്തിയാക്കിയത്. നവംബർ 22ന് ലുസൈൽ സ്റ്റേഡിയത്തിലാണ് സൗദിയുടെ ആദ്യ മത്സരം. കിരീട ഫേവറിറ്റുകളായി എത്തുന്ന അർജന്‍റീനയാവും അവരുടെ എതിരാളികൾ.

Tags:    
News Summary - Salami reached Doha by walking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT