ചാമ്പ്യൻസ് ലീഗിൽ ആസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് റയൽ മാഡ്രിഡിന് വമ്പൻ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ കിലിയൻ എംബാപ്പെയും റയലിനായി വല കുലുക്കി. ആദ്യ പകുതിയിൽ 23, 34 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാമാണ് ഇരു ഗോളുകൾക്കും അസിസ്റ്റ് നൽകിയത്.
പകുതി സമയത്ത് 2-0ന് മുന്നിലെത്തിയ റയലിന്റെ ശേഷിച്ച ഗോളുകൾ രണ്ടാം പകുതിയിലാണ് പിറന്നത്. 48-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഗോൾ. 55-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ വിനീഷ്യസ് നാലാം ഗോൾ നേടി. 77-ാം മിനിറ്റിൽ വാൽവർഡെയുടെ പാസിൽ വിനീഷ്യസ് റയലിന്റെ അഞ്ചാം ഗോളും നേടി. 85-ാം മിനിറ്റിൽ മാഡ്സ് ബിഡ്സ്ട്രപാണ് സാൽസ്ബർഗിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ പോയന്റ് പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് കയറാനും റയലിന് കഴിഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്. ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്. ആദ്യം രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് സിറ്റി നാല് ഗോളുകൾ വഴങ്ങിയത്. ജാക്ക് ഗ്രീയലിഷ് (50’), ഏർലിങ് ഹാലണ്ട് (53’) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. പിന്നാലെ ആക്രമണമഴിച്ചുവിട്ട ഫ്രഞ്ച് ക്ലബിനായി ഔസ്മാൻ ഡംബേൽ (56’), ബ്രാഡ്ലി ബാർകോള (60’), യോവ നേവ്സ് (78’), ഗോൺഗാലോ റോമോസ് (90+3’) എന്നിവർ വല കുലുക്കി. പോയന്റ് പട്ടികയിൽ പി.എസ്.ജി 22-ാമതും സിറ്റി 25-ാമതുമാണ്.
ഇംഗ്ലിഷ് ക്ലബായ ആഴ്സനൽ ക്രൊയേഷ്യൻ ക്ലബായ ഡയനാമോ സാഗ്രെബിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി. ഡെക്ലാൻ റൈസ് രണ്ടാം മിനിറ്റിൽ നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ ലീഡെടുത്ത് മുന്നേറിയ ആഴ്സനലിനായി, രണ്ടാം പകുതിയിൽ കൈ ഹാവേർട്സ് (66’), മാർട്ടിൻ ഒഡേഗാർഡ് (90+1’) എന്നിവരും വല കുലുക്കി. ലീഗിൽ മൂന്നാം സ്ഥാനത്താണ് ആഴ്സനൽ. തോൽവിയറിയാതെ മുന്നേറുന്ന ലിവർപൂൾ, ഒറ്റ മത്സരത്തിൽ മാത്രം തോറ്റ ബാഴ്സലോണ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.