യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഫുട്‌ബോൾ താരം റോബിഞ്ഞോയുടെ അപ്പീൽ തള്ളി; ഒമ്പതു വർഷം തടവുശിക്ഷ അനുഭവിക്കണം

യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രമുഖ ഫുട്‌ബോൾ താരം റോബിഞ്ഞോക്ക് കോടതി ഒമ്പതു വർഷം തടവുശിക്ഷ വിധിച്ചു.

2013ൽ മിലാനിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് തടവുശിക്ഷ. 2017ൽ വിധിവന്ന കേസിൽ നൽകിയ രണ്ട് അപ്പീലും തള്ളിയതോടെയാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമടക്കമുള്ള മുൻനിര ക്ലബ്ബുകൾക്കു വേണ്ടി കളിച്ച ബ്രസീൽ താരം ജയിലിലാവുന്നത്. നിലവിൽ ബ്രസീലിലുള്ള താരം ശിക്ഷ ഇറ്റലിയിലാണോ ബ്രസീലിലാണോ അനുഭവിക്കുക എന്നകാര്യത്തിൽ വ്യക്തതയില്ല.

ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാനിൽ അംഗമായിരിക്കെ 2013 ജനുവരിയിലാണ് സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് മദ്യലഹരിയിലായിരുന്ന 22കാരിയായ അൽബേനിയൻ വനിതയെ, അന്ന് 27 വയസ്സുള്ള റോബിഞ്ഞോയടക്കം അഞ്ചു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താൻ അവരുമായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ വാദിച്ചിരുന്നു. എന്നാൽ, ഈ സംഭവം സംബന്ധിച്ച് റോബിഞ്ഞോയും കൂട്ടുകാരും തമ്മിൽ അയച്ച ഫോൺ സന്ദേശങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകമായി. 2017 നവംബർ 23നാണ് കോടതി കുറ്റക്കാരനെന്നു വിധിച്ചത്.

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട റോബിഞ്ഞോയെ 2020ൽ ബ്രസീൽ ക്ലബ്ബ് സാന്റോസ് വാങ്ങിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ക്ലബ്ബ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ ഒരു മത്സരം പോലും കളിക്കാതെ കരാർ റദ്ദാക്കേണ്ടിവന്നു. മാധ്യമങ്ങളും ഫെമിനിസ്റ്റുകളുമാണ് തനിക്കെതിരെ നീങ്ങുന്നതെന്നായിരുന്നു റോബിഞ്ഞോയുടെ പ്രതികരണം.

ശിക്ഷാവിധിക്കെതിരെ നൽകിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റോബിഞ്ഞോ ജയിൽശിക്ഷക്ക് നിയമപ്രകാരം അർഹനായത്. എന്നാൽ, കുറ്റവാളികളെ കൈമാറുന്ന കരാർ ബ്രസീലും ഇറ്റലിയും തമ്മിൽ ഇല്ലാത്തതിനാൽ താരത്തിന്റെ ശിക്ഷ നടപ്പാക്കുക എവ്വിധമായിരിക്കുമെന്ന് വ്യക്തമല്ല. മറ്റൊരു രാജ്യത്ത് വിധിക്കപ്പെടുന്ന തടവുശിക്ഷ ബ്രസീലിൽ അനുഭവിക്കാനുള്ള വകുപ്പും നിലവിലില്ല.

2002ൽ സാന്റോസിലൂടെ ഫുട്‌ബോൾ കരിയർ ആരംഭിച്ച റോബിഞ്ഞോ 2005ൽ റയൽ മാഡ്രിഡിലും 2008ൽ മാഞ്ചസ്റ്റർ സിറ്റിയിലും ചേർന്നു. 2010 മുതൽ മിലാനിൽ കളിച്ച താരം 2014ൽ ലോൺ അടിസ്ഥാനത്തിൽ സാന്റോസിലേക്ക് കൂടുമാറി. പിന്നീട് ചൈനീസ് ക്ലബ്ബ് ഗ്വാങ്ചൗ എവർഗ്രാന്റ്, അത്‌ലറ്റികോ മിനേറോ, സിവാസ്‌പോർ, ഇസ്തംബൂൾ ബസക് ഷെഹിർ ക്ലബ്ബുകൾക്കു വേണ്ടിയും താരം പന്തുതട്ടി. ബ്രസീലിനുവേണ്ടി 100 മത്സരങ്ങൾ കളിച്ച താരം 28 ഗോളുകൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Robinho sentenced to nine years in jail for group sexual violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.