ലാ ലിഗയിൽ പിച്ചിച്ചി ട്രോഫി ആര് മാറോടുചേർക്കും? പോരാട്ടം കനപ്പിച്ച് രണ്ട് വമ്പന്മാർ

ബുണ്ടസ് ലിഗ വിട്ട് ലാ ലിഗയിലെത്തിയ റോബർട്ട് ലെവൻഡോവ്സ്കി എന്ന പോളണ്ട് താരം ​ഗോളടിച്ചുകൂട്ടുന്നതിൽ എക്കാലത്തും മിടുക്കനാണ്. ജർമൻ ലീഗിൽ പലവട്ടം ടോപ്സ്കോറർ പട്ടം മാറോടു ചേർത്തവൻ. എന്നാൽ, കൂടുമാറിയെത്തിയ പുതിയ തട്ടകത്തിൽ അതേ ഉശിരോടെ എതിർ വല തുളക്കുന്ന ഒരാൾ കൂടി ഉണ്ടായാൽ ടോപ്സ്കോറർ ആരെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരിക സ്വാഭാവികം. സ്പാനിഷ് ലീഗിൽ ടോപ്സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫിയിലാണ് ഇത്തവണ മത്സരം കടുക്കുന്നത്.

അവസാന മത്സരത്തിൽ ഹാട്രിക് പൂർത്തിയാക്കിയ റയൽ താരം കരീം ബെൻസേമയാണ് ലെവൻഡോവ്സ്കിക്ക് കടുത്ത എതിരാളി. ഇരുവരും തമ്മിൽ ഒറ്റ ഗോൾ വ്യത്യാസമാണുള്ളത്. ലെവൻഡോവ്സ്കി 19 ഗോളുമായി മുന്നിൽ നിൽക്കുന്നു. ചെറിയ ഇടവേളക്കു ശേഷം അവസാന രണ്ടു മത്സരങ്ങളിൽ റയോ, ബെറ്റിസ് ടീമുകൾക്കെതിരെ ഗോൾ കണ്ടെത്തിയാണ് ലെവൻഡോവ്സ്കി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെങ്കിൽ അൽമെരിയക്കെതിരെ ഹാട്രിക് കുറിച്ചാണ് ബെൻസേമ നയം വ്യക്തമാക്കിയത്. നേരത്തെ റയൽ വയ്യഡോളിഡുമായുള്ള മത്സരത്തിൽ മൂന്നുവട്ടം വല കുലുക്കിയ താരം ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെയും ഹാട്രിക് കുറിച്ചു.

ലാ ലിഗയിൽ ഇരു ടീമുകൾക്കും ഇനി ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡുമായി ബാഴ്സലോണ ഏകദേശം കപ്പുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. 32 കളികളിൽ 79 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. അത്രയും കളിച്ച് 68 പോയിന്റ് എടുത്ത് റയൽ രണ്ടാമതുമുണ്ട്. അറ്റ്ലറ്റി​കോ മഡ്രിഡ് അഞ്ചു പോയിന്റ് പിന്നെയും പിറകിലാണ്.

റയൽ മഡ്രിഡ് ചാമ്പ്യൻമാരായ കഴിഞ്ഞ സീസണിൽ കരീം ബെൻസേമ തന്നെയായിരുന്നു ടോപ് സ്കോറർ. താരം ക്ലബിനായി ഇതിനകം 350 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ബെൻസേമക്ക് മുന്നിലുള്ളത്- 451 ഗോൾ. സീസണിൽ ക്ലബിനായി മൊത്തം കളികളിൽ 28 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മൊത്തം 44 ഗോൾ സ്വന്തമാക്കിയിരുന്നു. 


Tags:    
News Summary - Robert Lewandowski and Karim Benzema Score As Race for Pichichi Trophy Heats Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.