മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്കില്ല; കളി ചൈനയിൽ, ഫിക്സ്ചറായി

കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഇതേസമയത്ത് ചൈനയിൽ കളിക്കുമെന്ന് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായത്. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് അർജന്‍റീനയുടെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. എച്ച്.എസ്.ബി.സിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍.

ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങളാണ് അർജന്‍റീന സംഘം കളിക്കുന്നത്. ഒന്നില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികളാകും. ഖത്തറില്‍ അര്‍ജന്റീന നേരിടുന്നത് അമേരിക്കയെയാണ്. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

സംസ്ഥാനത്ത് അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സർക്കാർ തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. അർജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്‌മാനും ഇതോടെ വെട്ടിലായി. 2011ൽ കൊൽക്കത്തയിലാണ് ടീം അവസാനമായി കളിക്കാനെത്തിയത്. അന്ന് അർജന്‍റീന വെനസ്വേലക്കെതിരെ ഏകപക്ഷീയമായ ഒറ്റ ഗോളിന് ജയിച്ചു. 

Tags:    
News Summary - Report says Argentina Team and Messi will not visit India Kerala in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.