വിനീഷ്യസിന് ഹാട്രിക്; ബാഴ്സയെ തരിപ്പണമാക്കി റയലിന് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം

ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്‍റെ ഹാട്രിക് പ്രകടനത്തിന്‍റെ കരുത്തിൽ ബാഴ്സലോണയെ തരിപ്പണമാക്കി റയൽ മഡ്രിഡിന് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം. റിയാദിൽ നടന്ന ഫൈനലിൽ 4-1 എന്ന സ്കോറിനാണ് റയൽ 13ാം സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്.

കഴിഞ്ഞ തവണത്തെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി റയലിന് ഈ വിജയം. കഴിഞ്ഞ സീസണിൽ ഫൈനലിൽ 3-1 എന്ന സ്കോറിന് റയലിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ കിരീടം നേടിയത്. ഏഴ്, 10, 39 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്‍റെ ഗോളുകൾ. 64ാം മിനിറ്റിൽ മറ്റൊരു ബ്രസീൽ താരമായ റോഡ്രിഗോ റയലിന്‍റെ നാലാം ഗോൾ നേടി. 33ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്.

റയലിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങുന്നത്. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തന്നെ റയൽ രണ്ടു ഗോളിന്‍റെ ലീഡും നേടി. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം പ്രതിരോധ താരങ്ങൾക്കിടയിലൂടെ നൽകിയ മനോഹരമായ ത്രൂബാളിന് വിനീഷ്യസ് ഓടിയെത്തുമ്പോൾ മുന്നിൽ ഗോൾ കീപ്പർ ഇനാകി പെന മാത്രം. പന്തുമായി കുതിച്ച താരം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി.

പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിയൂ സ്റ്റൈലിലാണ് വിനീഷ്യസ് ഗോൾ ആഘോഷിച്ചത്. തന്‍റെ ഇഷ്ടതാരമായ സിആർ7 നിലവിൽ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. ഗോൾ വഴങ്ങിയതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പേ ബാഴ്സയുടെ വല വീണ്ടും കുലുങ്ങി.

പത്താം മിനിറ്റിൽ ബോക്സിന്‍റെ വലതുപാർശ്വത്തിൽനിന്ന് റോഡ്രിഗോ നൽകിയ ക്രോസ് വിനീഷ്യസ് വലയിലെത്തിച്ചു. 33ാം മിനിറ്റിൽ ലെവൻഡോവ്സ്കി തൊടുത്ത ഒരു കിടിലൻ വോളി പ്രതിരോധ താരങ്ങൾക്കിടയിലൂടെ റയലിന്‍റെ വലയിൽ. ബോക്സിൽനിന്ന് റയൽ താരങ്ങൾ ക്ലിയർ ചെയ്യുന്നതിനിടെ ഉയർന്നുവന്ന പന്താണ് താരം ലക്ഷ്യത്തിലെത്തിച്ചത്.

ബോക്സിനുള്ളിൽ വിനീഷ്യസിന് വീഴ്ത്തിയതിന് 39ാം മിനിറ്റിൽ റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ബ്രസീൽ താരം ഒരു പിഴവും കൂടാതെ പന്ത് വലയിലാക്കി ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ താരം ആദ്യമായാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. രണ്ടാം പകുതിയിലും റിയാദ് അൽ നാസർ കിങ് സൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ റയലിന്‍റെ ആധിപത്യമായിരുന്നു.

വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ബാഴ്സ പ്രതിരോധ താരം ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പന്ത് നേരെ റോഡ്രിഗോയുടെ കാലിൽ. താരം അനായാസം പന്ത് വലയിലാക്കി റയലിന്‍റെ നാലാം ഗോളും നേടി. 71ാം മിനിറ്റിൽ റൊണാൾഡ് അരൗജോ രണ്ടാം മഞ്ഞകാർഡ് വാങ്ങി പുറത്തുപോയത് ബാഴ്സക്ക് തിരിച്ചടിയായി.

എൽ ക്ലാസിക്കോയിൽ റയലിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. ബാഴ്സ 14 തവണ സ്പാനിഷ് സൂപ്പർ കപ്പ് നേടിയിട്ടുണ്ട്. ‘ഗോളാഘോഷം ക്രിസ്റ്റ്യാനോക്ക് സമർപ്പിച്ചിരിക്കുന്നു, കാരണം അദ്ദേഹമാണ് എന്‍റെ മാതൃകതാരം, ഇപ്പോൾ സൗദിയിലാണ് താരം കളിക്കുന്നത്’ -മത്സരശേഷം വിനീഷ്യസ് പറഞ്ഞു. ഇതുപോലുള്ള ഒരു മത്സരത്തിന് ആവശ്യമായ പോരാട്ട വീര്യം ഞങ്ങൾ പുറത്തെടുത്തില്ലെന്ന് ബാഴ്സ പരിശീലകൻ സാവി പ്രതികരിച്ചു.

Tags:    
News Summary - Real Madrid thrash old rivals Barcelona 4-1 to win Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.