ഡോർട്ട്മുണ്ടിന് റയലിനേക്കാൾ കൂടുതൽ പണം കിട്ടും! പക്ഷേ, ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽക്കണം...

ലണ്ടൻ: സ്പെയിൻ-ജർമൻ ക്ലബുകളുടെ പോരാട്ടത്തിനാണ് ഇത്തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയാകുന്നത്. ജൂൺ രണ്ടിന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ സ്പാനിഷ് വമ്പന്മാരായ റയലിന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടാണ് എതിരാളികൾ.

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിടുള്ള റയൽ, ഇത്തവണ തങ്ങളുടെ 15ാം കിരീടമാണ് സ്വപ്നം കാണുന്നത്. ഡോർട്ട്മുണ്ട് രണ്ടാംകിരീടവും. റയൽ സൂപ്പർതാരം ജൂഡ് ബെല്ലിങ്ഹാം തന്‍റെ പഴയ ക്ലബിന് എതിരെ കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും ഫൈനലിനുണ്ട്. 2020ൽ ഡോർട്ട്മുണ്ടിലൂടെയാണ് ഇംഗ്ലീഷ് മധ്യനിര താരം കരിയർ ആരംഭിക്കുന്നത്. ക്ലബിനായി വിവിധ ചാമ്പ്യൻഷിപ്പുകളിലായി 132 മത്സരങ്ങൾ കളിച്ചു. 24 ഗോളുകൾ നേടുകയും 25 അസിസ്റ്റുകൾ നടത്തുകയും ചെയ്തു. പ്രഥമ സീസണിൽ തന്നെ ക്ലബിനൊപ്പം ജർമൻ കപ്പ് കിരീട നേട്ടത്തിൽ പങ്കാളിയായി.

ഡോർട്ട്മുണ്ടിനൊപ്പമുള്ള മൂന്നു സീസണുകളിലെ താരത്തിന്‍റെ പ്രകടനത്തിൽ ആകൃഷ്ടരായാണ് റയൽ താരത്തിനായി വലയെറിയുന്നത്. കഴിഞ്ഞ സമ്മറിൽ ബെല്ലിങ്ഹാമിനെ റയൽ ക്ലബിലെത്തിക്കുകയും ചെയ്തു. റയൽ സ്ക്വാഡിലെ കാർലോ ആഞ്ചലോട്ടിയുടെ വജ്രായുധമായി ഈ യുവതാരം മാറുന്നതാണ് പിന്നീട് ഫുട്ബാൾ ലോകം കണ്ടത്. സീസണിൽ റയലിനായി വിവിധ ചാമ്പ്യൻഷിപ്പുകളിലായി 39 മത്സരങ്ങൾ കളിച്ചു. 22 ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ നടത്തുകയും ചെയ്തു. ലാ ലിഗയിൽ മാത്രം 18 ഗോളുകളാണ് നേടിയത്. ക്ലബിന്‍റെ ലാ ലിഗ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.

സീസണിൽ ലാ ലിഗയിലെ ഗോൾ വേട്ടക്കാരിൽ ജിറോണ സ്ട്രൈക്കർ ആർടെം ഡോവ്ബിക്കിനു (20 ഗോളുകൾ) പിന്നിൽ രണ്ടാമതാണ് ബെല്ലിങ്ഹാം. മറ്റൊരു രസകരമായ കാര്യം, ഫൈനലിൽ റയലിനോട് പരാജയപ്പെട്ടാൽ ഡോർട്ട്മുണ്ടിന് കിരീട നേട്ടത്തിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കിട്ടുമെന്നതാണ്. ബെല്ലിങ്ഹാമിനെ റയലിന് നൽകുമ്പോൾ ഒപ്പുവെച്ച ആഡ് ഓൺ കരാറിൽ ഇതിനുള്ള വ്യവസ്ഥയുള്ളതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിനൊപ്പമുള്ള റയലിന്‍റെ ഓരോ കിരീട നേട്ടത്തിലും ഡോർട്ട്മുണ്ടിന് പ്രത്യേകം പണം നൽകണമെന്ന കരാറിലാണ് ബെല്ലിങ്ഹാമിനെ സ്പാനിഷ് ക്ലബിന് വിട്ടുനൽകിയത്.

ആറു വർഷത്തെ കരാറിലാണ് താരം റയലിലെത്തുന്നത്. ഇതിനിടെ ബ്ലെലിങ്ഹാം ഉൾപ്പെടുന്ന ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ 223.68 കോടി ഡോർട്ട്മുണ്ടിന് നൽകണമെന്നാണ് ആഡ് ഓൺ കരാർ. അതേസമയം, ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നവർക്ക് യുവേഫ നൽകുന്നത് 179.44 കോടി രൂപയാണ്. റയൽ മാഡ്രിഡിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനായതിന്‍റെ സന്തോഷം ബെല്ലിങ്ഹാമിനുണ്ട്. ‘ഞങ്ങൾ അർഹരായത് കൊണ്ടാണ് ഇവിടെയെത്തിയത്; അർഹതയുള്ളതുകൊണ്ടാണ് അവരും (ഡോർട്ട്മുണ്ട്) ഇവിടെ എത്തിയത്. നിങ്ങൾക്ക് ഒരു ഫൈനൽ തെരഞ്ഞെടുക്കാൻ കഴിയില്ല. ഇതൊരു മികച്ച മത്സരമായിരിക്കും’ -മുൻ ക്ലബിനെതിരെ ഫൈനൽ കളിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബെല്ലിങ്ഹാം പ്രതികരിച്ചു.

Tags:    
News Summary - Real Madrid & Dortmund will play Champions League final, Dortmund will earn more if they lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.