മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും വലിയ പ്രചോദനം; പക്ഷേ റാഫീഞ്ഞയുടെ ആരാധനാപാത്രം മറ്റൊരു താരം...

ബാഴ്സലോണ: ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തന്‍റെ ഫുട്ബാൾ കരിയറിനെ ഏറെ സ്വാധീനിച്ചതായി ബാഴ്സലോണ സൂപ്പർതാരം റാഫീഞ്ഞ. എന്നാൽ, ഈ ബ്രസീൽ താരത്തിന്‍റെ ആരാധനാപാത്രം ഇവരാരുമല്ല!

വിഖ്യാത ബ്രസീലിയൻ ഫുട്ബാളറും 2002 ലോകകപ്പ് ജയിച്ച ടീമിൽ അംഗവുമായിരുന്ന റൊണാൾഡിഞ്ഞോയാണ് തന്‍റെ റോൾ മോഡലെന്ന് റാഫിഞ്ഞ പറയുന്നു. സീസണിൽ ബാഴ്സക്കായി മികച്ച ഫോമിലാണ് താരം പന്തുതട്ടുന്നത്. കഴിഞ്ഞദിവസം നടന്ന എൽ ക്ലാസിക്കോയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ തകർത്ത് ലാ ലിഗയിൽ ബാഴ്സ കീരിടത്തിനരികിലാണ്.

‘ഫുട്ബാൾ കാണാൻ തുടങ്ങിയതു മുതൽ നെയ്മർ, ക്രിസ്റ്റ്യാനോ, മെസ്സി, അരിയൻ റോബൻ എന്നിവരായിരുന്നു എന്‍റെ ഇഷ്ടതാരങ്ങൾ. ഓരോ കളിക്കാരനിലും വ്യത്യസ്തമായ കാര്യങ്ങൾ ഞാൻ കണ്ടു. കരിയറിൽ അവർ വലിയ പ്രചോദനം നൽകി. എന്നാൽ, കുട്ടിക്കാലത്ത് ആകണമെന്ന് ആഗ്രഹിച്ച ഒരേയൊരു കളിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -റൊണാൾഡിഞ്ഞോ. ഞാൻ സ്കൂളിൽ പോകുമ്പോൾ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു, ഹെഡ്ബാൻഡ് ധരിക്കും, അദ്ദേഹത്തിന്‍റെ ചിത്രമുള്ള ഷർട്ടും. എന്‍റെ റോൾ മോഡൽ അദ്ദേഹമായിരുന്നു’ -റാഫീഞ്ഞ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബാഴ്സക്കായി സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽനിന്നായി 54 മത്സരങ്ങളിൽനിന്ന് 34 ഗോളുകളാണ് താരം നേടിയത്. 25 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാര സാധ്യത പട്ടികയിൽ റാഫിഞ്ഞ മുന്നിൽ തന്നെയുണ്ട്. റയലിനെതിരെ 3-4ന് ജയിച്ച മത്സരത്തിൽ ബാഴ്സക്കായി രണ്ടു ഗോളുകൾ നേടിയത് റാഫീഞ്ഞയായിരുന്നു. മത്സരത്തിന്‍റെ 34, 45 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ.

ബാഴ്സയുടെ കളിമുറ്റത്ത് ആദ്യം ലീഡെടുത്തത് റയലായിരുന്നു. പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെയാണ് അക്കൗണ്ട് തുറന്നത്. കളി കനപ്പിക്കാനുള്ള ബാഴ്സ നീക്കങ്ങൾക്കിടെ എംബാപ്പെ ഒരിക്കലൂടെ വല കുലുക്കി. തകർന്നുപോകുന്നതിന് പകരം ഇരട്ടി ഊർജവുമായി മൈതാനം നിറഞ്ഞ ആതിഥേയർ അഞ്ചു മിനിറ്റിനകം ഒരു ഗോൾ മടക്കി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ എറിക് ഗാർസിയയാണ് വല കുലുക്കിയത്.

പിന്നെയെല്ലാം ബാഴ്സ മയമായിരുന്നു. 32ാം മിനിറ്റിൽ പതിവ് ഹീറോയിസവുമായി പയ്യൻ യമാൽ റയൽ ഗോളി തിബോ കൊർട്ടുവയെ കാഴ്ചക്കാരനാക്കി. ഒപ്പമെത്തിയ കറ്റാലന്മാർ അവിടെയും നിർത്താതെ ആദ്യ പകുതിയിൽ തന്നെ രണ്ടെണ്ണം കൂടി എതിർവലയിൽ അടിച്ചുകയറ്റി. റഫീഞ്ഞയാണ് സ്കോറർ. ബാഴ്സക്കായി ഫെറാൻ ടോറസ് അസിസ്റ്റിൽ ഹാട്രിക് കുറിച്ചപ്പോൾ പെഡ്രി മൂന്നാം ഗോളിൽ അസിസ്റ്റ് നൽകി. കളി കൈവിടാതെ രണ്ടാം പകുതിയിൽ ഉശിരോടെ പൊരുതിയ റയൽ മഡ്രിഡിനായി എംബാപ്പെ തന്റെയും ടീമിന്റെയും മൂന്നാം ഗോൾ കുറിച്ചു. ഇത്തവണയും വിനീഷ്യസ് വകയായിരുന്നു അസിസ്റ്റ്. അവസാന ഘട്ടത്തിൽ ഗോളടിക്കുന്നതിലേറെ പ്രതിരോധവും പ്രത്യാക്രമണവുമായിരുന്നു ബാഴ്സ ലൈൻ. മറുവശത്ത്, എല്ലാം മറന്ന് വിജയം പിടിക്കാൻ സന്ദർശകരും ശ്രമം തുടർന്നു.

ഇഞ്ചുറി സമയത്ത് ഫെർമിൻ ലോപസ് വല ചലിപ്പിച്ചെങ്കിലും വാറിൽ ഹാൻഡ് ബാളാണെന്ന് തെളിഞ്ഞതോടെ സ്കോർ 4-3ൽ തുടർന്നു.

Tags:    
News Summary - Raphinha names Cristiano Ronaldo, Messi and Neymar as inspiration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.