ദോഹ: ഫിഫ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ ശക്തമാക്കി അന്നാബികൾ. 2022ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പ് കളിച്ച ഖത്തറിന്, ജൂണിൽ നടക്കുന്ന ലോകകപ്പ് രണ്ടാം വിശ്വമേളയാണ്. ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ ദേശീയ ഫുട്ബാൾ ടീം തങ്ങളുടെ ഒരുക്കങ്ങൾ സജീവമാക്കി. സ്പാനിഷ് കോച്ച് ജൂലെൻ ലോപ്റ്റെഗിയുടെ നേതൃത്വത്തിൽ ആസ്പയർ അക്കാദമിയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ ടീമിന്റെ ശാരീരികവും സാങ്കേതികവുമായ മികവ് വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ 32 താരങ്ങളാണ് ക്യാമ്പിൽ പരിശീലനം നടത്തുന്നത്. ഹസ്സൻ ഹൈദൂസ് അടക്കം പരിചയസമ്പന്നരായ മുതിർന്ന താരങ്ങളും യുവപ്രതിഭകളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ലോകകപ്പിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്ന അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നതിനും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുമുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. നിലവിൽ കളിക്കാർക്ക് ശാരീരിക വ്യായാമങ്ങളും സാങ്കേതിക പരിശീലനവുമാണ് നൽകുന്നത്.ഓരോ താരത്തിന്റെയും വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം ടീമിലെ ഐക്യവും ഒത്തൊരുമയും വർധിപ്പിക്കാനാവശ്യമായ തന്ത്രപരമായ നീക്കങ്ങളും പരിശീലന സെഷനുകളിൽ നൽകുന്നുണ്ട്. ലോകകപ്പ് മത്സരങ്ങളെ നേരിടാൻ കരുത്തുറ്റ സ്ക്വാഡിനെ രൂപപ്പെടുത്തുകയാണ് ലോപ്റ്റെഗിയുടെ ലക്ഷ്യം.
ക്യാമ്പിന്റെ ഭാഗമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ വരും ദിവസങ്ങളിൽ സൗഹൃദ മത്സരങ്ങൾ പ്രഖ്യാപിച്ചേക്കും. താരങ്ങളുടെ കായികക്ഷമത വിലയിരുത്താനും പുതിയ തന്ത്രങ്ങൾ പ്രായോഗികമായി പരീക്ഷിക്കാനും ഈ മത്സരങ്ങളിലൂടെ മികച്ച അവസരമൊരുക്കും. നേരത്തേ, ലോകകപ്പിന് മുന്നോടിയായി ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിന്റെ ഭാഗമായി സെർബിയ, അർജന്റീന എന്നീ രാജ്യങ്ങൾക്കെതിരെ സൗഹൃദ മത്സരങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും മേഖലയിലെ സംഘർഷങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നാലാം റണ്ട് യോഗ്യത അവസാന മത്സരത്തിൽ യു.എ.ഇയെ 2-1 ന് കീഴടക്കിയാണ് ഖത്തർ പ്രവേശനം ലോകകപ്പ് ഉറപ്പാക്കിയത്.
ഈ വർഷം ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വമരുളുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ ഉൾപ്പെട്ടിരിക്കുന്നത്. ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ് എന്നിവർക്കൊപ്പം ബോസ്നിയ -ഹെർസെഗോവിന കഴിഞ്ഞ ദിവസം സ്ഥാനമിറപ്പിച്ചതോടെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു.
ദോഹ: ഫിഫ റാങ്കിങ്ങിൽ മികച്ച നേട്ടം തുടർന്ന് ഖത്തർ. ഈ വർഷം അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തർ 55ാം സ്ഥാനത്താണ്. 1455 പോയന്റാണ് ഖത്തറിനുള്ളത്. കഴിഞ്ഞ ജനുവരിയിൽ 56 സ്ഥാനത്തുണ്ടായിരുന്ന ഖത്തർ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫിഫയുടെ ഏറ്റവും പുതിയ ആഗോള റാങ്കിങ്ങിൽ ഫ്രാൻസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 1877.32 പോയന്റുകളുമായാണ് ഫ്രഞ്ച് പട ഒന്നാമതെത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഫ്രാൻസ് നേട്ടം കൈവരിക്കുന്നത്. ബ്രസീൽ, കൊളംബിയ എന്നിവർക്കെതിരെ അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയമാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഈജിപ്തിനെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിൻ (1876.40 പോയന്റ്) രണ്ടാം സ്ഥാനത്തേക്കും, അർജന്റീന (1874.81 പോയന്റ്) മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അതേസമയം, അറബ് മേഖലയിൽ മൊറോക്കോയുടെ ആധിപത്യം തുടരുകയാണ്. അറബ് രാജ്യങ്ങളിൽ കരുത്തുറ്റ സാന്നിധ്യമായ മൊറോക്കോ 1755.87 പോയന്റുമായി ഫിഫ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്താണ്. ഖത്തറിന് മുന്നിലായുള്ള മറ്റ് അറബ് രാജ്യങ്ങൾ അൾജീരിയ (28), ഈജിപ്ത് (29), തുണീഷ്യ (44) എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.