ലൈംഗിക പീഡനക്കേസിൽ ജയിലിലുള്ള ഡാനി ആൽവസിന് സാമ്പത്തിക കുരുക്കായി ക്ലബ് കരാറും

ലൈംഗിക പീഡനക്കേസിൽ ബാഴ്സലോണയിലെ ജയിലിൽ കഴിയുന്ന ബ്രസീൽ താരം ഡാനി ആൽവസിന് കുരുക്ക് ഇരട്ടിയാക്കി മെക്സിക്കൻ ക്ലബുമായി കരാറും. താരവുമായി കരാറിലെത്തിയ വകയിൽ 50 ലക്ഷം പൗണ്ടാണ് ക്ലബ് നഷ്ടപരിഹാരം ചോദിക്കുന്നത്. ഇത്തരം അച്ചടക്ക ലംഘനങ്ങളുടെ പേരിൽ നിയമനടപടി നേരിടുന്നത് കരാറിനെതിറാണെന്നത് മുൻനിർത്തിയാണ് ക്ലബ് നഷ്ടപരിഹാരം തേടുന്നത്. ഇതോടൊപ്പം, സ്‍പെയിനിൽ നികുതിവെട്ടിപ്പിന്റെ പേരിൽ വൻതുകയും ഒടുക്കേണ്ടിവരും. താരത്തിന്റെ പേരിൽ ബാഴ്സലോണ നഗരത്തിലുള്ള വീട് അധികൃതർ കണ്ടുകെട്ടിയതായും റിപ്പോർട്ടുണ്ട്.

ഡിസംബർ 30നാണ് ഡാനി ആൽവസിനെ ജയിലിലാക്കിയ സംഭവം. നൈറ്റ് ക്ലബിൽ ലൈംഗിക പീഡനത്തിരയാക്കിയെന്ന പരാതിയുമായി യുവതി എത്തിയതോടെ മെക്സിക്കോയിലായിരുന്ന ആൽവസിനെ സ്‍പെയിനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. ഇതോടെ, താരവുമായി കരാർ മെക്സിക്കോ ക്ലബ് പുമാസ് ഒഴിവാക്കി. ജയിൽ മോചിതനാക്കണമെന്നും വിട്ടയച്ചാൽ താൻ എവിടെയുണ്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ടാഗ് കഴുത്തിൽ തൂക്കാമെന്നും ആൽവസ് അറിയിച്ചിട്ടും മോചിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല.

സമീപകാലത്തെ ഏറ്റവും മികച്ച താരങ്ങളിലൊന്നായ ഡാനി ആൽവസ് ബാഴ്സക്കൊപ്പം നിൽക്കെ മൂന്നു തവണ ചാമ്പ്യൻസ് ലീഗിലും ആറു തവണ ലാ ലിഗയിലും കിരീടം മാറോടുചേർത്ത താരമാണ്. സെവിയ്യക്കൊപ്പം രണ്ടുതവണ യുവേഫ കപ്പും നേടി. 

Tags:    
News Summary - Pumas seeks millions of dollars in compensation from Alves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.