റു​ഡോ​ൾ​ഫ് ഡാ​സ്‌​ല​റും (ഇ​ട​ത്ത്) അ​ഡോ​ൾ​ഫ് ഡാ​സ്‌​ല​റും (വ​ല​ത്ത്) ജ​ർ​മ​ൻ കാ​യി​ക​മ​ന്ത്രി എ​ച്ച്. വെ​യ്റ്റ്സ​റി​നൊ​പ്പം

ഗോ​ള​ടി​ച്ച​ത് പ്യൂ​മ, ക​പ്പ​ടി​ച്ച​ത് അ​ഡി​ഡാ​സ്

1970 മെക്സിക്കൻ ലോകകപ്പ്. ബ്രസീൽ-പെറു ക്വാർട്ടർ ഫൈനൽ. കിക്കോഫിനു മുമ്പ് ഷൂവിന്റെ ലെയ്സ് കെട്ടാനായി മധ്യവരക്കടുത്ത് കുനിഞ്ഞിരുന്ന ബ്രസീലിയൻ സൂപ്പർ താരം പെലെയിലേക്ക് കാമറക്കണ്ണുകൾ സൂം ചെയ്തു. പെലെയുടെ ഷൂവിൽ എഴുതിയിരിക്കുന്ന വാക്കുകൾ ലോകം കണ്ടു- പ്യൂമ! അതു കണ്ട് ഏറ്റവും ഞെട്ടിയത് കായിക ഉപകരണ നിർമാണ വിപണിയിൽ പ്യൂമയുടെ ഏറ്റവും വലിയ എതിരാളികളായ അഡിഡാസ് ആണ്. ഇരു കമ്പനികളും രഹസ്യമായി പിന്തുടർന്നുപോന്ന പെലെ പാക്ട് എന്ന വിചിത്രമായ ഒരു രഹസ്യ ഉടമ്പടിയുടെ ലംഘനമായിരുന്നു അത്. വൻതുക നൽകേണ്ടിവരുമെന്നതിനാൽ പെലെയെ രണ്ടു കമ്പനികളും ബ്രാൻഡ് അംബാസഡർ ആയി നിയമിക്കില്ല എന്നതായിരുന്നു അത്. ഇക്കാരണം കൊണ്ടുതന്നെ 1970 ലോകകപ്പിൽ സ്റ്റൈലോ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബൂട്ട് അണി‍ഞ്ഞാണ് പെലെ കളിക്കാനെത്തിയത്. എന്നാൽ, കളർ ടെലിവിഷനിലൂടെ ആദ്യമായി സംപ്രേഷണം ചെയ്ത ആ ലോകകപ്പിൽ പെലെക്കു കിട്ടിയ ആഗോളശ്രദ്ധ പ്യൂമയുടെ മനസ്സിളക്കി. കമ്പനിയുടെ റെപ്രസന്റേറ്റിവായ ഹാൻസ് ഹെന്നിങ്സൻ അതിരഹസ്യമായി താരത്തെ സമീപിച്ചു. 25,000 ഡോളർ നൽകി പെലെയുമായി കരാർ ഒപ്പിട്ടു. ഹെന്നിങ്സന്റെ നിർദേശപ്രകാരമായിരുന്നു കിക്കോഫിനു മുമ്പുള്ള പെലെയുടെ ആ ഷൂ ലെയ്സ് കെട്ടൽ. പെലെ പാക്ട് ലംഘിച്ചാണെങ്കിലും പ്യൂമ അങ്ങനെ അഡിഡാസിനെ വീഴ്ത്തി. കിങ് പെലെ എന്ന പേരിൽ പുറത്തിറക്കിയ ഷൂകളുടെ വിൽപന 300 ശതമാനത്തിലേറെ വർധിച്ചു.

ലോകകപ്പ് ഫുട്ബാൾ എന്നത് രാജ്യങ്ങളുടെ മാത്രം പോരാട്ടമല്ല. പല രാജ്യങ്ങളെക്കാളും സാമ്പത്തികശക്തിയും സ്വാധീനശേഷിയുമുള്ള കോർപറേറ്റുകളുടെകൂടി കിടമത്സരമാണ്. അതിലെ 'ബ്രസീൽ-അർജന്റീന' പോരാട്ടം അഡിഡാസും പ്യൂമയും തമ്മിലുള്ളതുതന്നെ.

സോദരർ തമ്മിലെ പോര്

ജർമനിയിലെ ബവേറിയയിൽനിന്നുള്ള സഹോദരങ്ങളായ അഡോൾഫും റുഡോൾഫും 1924ൽ സ്ഥാപിച്ച ഡാസ്‌ലർ ബ്രദേഴ്സ് ഷൂ ഫാക്ടറിയിൽനിന്നാണ് എല്ലാറ്റിന്റെയും തുടക്കം. രാജ്യത്തു നടന്ന 1936 ബർലിൻ ഒളിമ്പിക്സായിരുന്നു കമ്പനിയുടെ സുവർണകാലങ്ങളിലൊന്ന്. എന്നാൽ, രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അഡോൾഫും റുഡോൾഫും ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ ചേർന്നു. അഡോൾഫ് യുദ്ധമുഖത്തേക്കു പോയെങ്കിലും റുഡോൾഫ് നിർബന്ധിത സൈനികസേവനത്തെ നിയമപരമായി മറികടന്ന് ബിസിനസിൽ തുടർന്നു. കുടുംബസമേതം ഒരേ വീട്ടിലാണ് തങ്ങിയിരുന്നതെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നിപ്പ് അപ്പോഴേക്കും രൂക്ഷമായിരുന്നു. യുദ്ധം കഴിഞ്ഞ് അഡോൾഫ് മടങ്ങിയെത്തിയതോടെ അതു പൂർണമായി. 1948ൽ ഇരുവരും വേർപിരിഞ്ഞു. റുഡോൾഫ് അതേ വർഷം പ്യൂമയും അഡോൾഫ് 1949ൽ അഡിഡാസും സ്ഥാപിച്ചു.

അഡിഡാസ് ജയിച്ച ലോകകപ്പ്

പെലെ പാക്ട് ലംഘിച്ചതിലൂടെ പ്യൂമ അഡിഡാസിനെ ഞെട്ടിച്ചെങ്കിലും അതിനു മുമ്പുതന്നെ അ‍ഡിഡാസ് വലിയൊരു വിജയം നേടിയിരുന്നു. 1954ൽ പശ്ചിമ ജർമനി ജേതാക്കളായ ലോകകപ്പിലായിരുന്നു അത്. സ്വിറ്റ്സർലൻഡിൽ നടന്ന ആ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ ജർമനി ഫെറങ്ക് പുസ്കാസിന്റെ ഹംഗറിക്കു മുന്നിൽ തകർന്നടിഞ്ഞത് 8-3നാണ്. എന്നാൽ, അതേ ഹംഗറിതന്നെ ഫൈനലിൽ എതിരാളികളായി വന്നപ്പോൾ അവർ 3-2നു ജയിച്ചു! ബേണിലെ മഹാത്ഭുതം എന്നു വിശേഷിപ്പിക്കപ്പെട്ട ആ മത്സരത്തിൽ ജർമനിയെ തുണച്ചത് അവരുടെ മനക്കരുത്ത് മാത്രമായിരുന്നില്ല. അവർ ധരിച്ച അഡിഡാസ് ബൂട്ട് കൂടിയായിരുന്നു! മൈതാനത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സ്റ്റഡ് മാറ്റാവുന്ന ബൂട്ടുകൾ ആയിരുന്നു അത്. മഴപെയ്ത് വാങ്കഡോർഫ് സ്റ്റേഡിയം ചളിക്കുളമായതോടെ ജർമൻ താരങ്ങൾ അത് ഉപയോഗപ്പെടുത്തി. ഇംഗ്ലീഷ് നിർമിതമായ ഭാരമേറിയ ബൂട്ടുകൾ ധരിച്ചിരുന്ന ഹംഗേറിയൻ താരങ്ങൾ മൈതാനത്ത് പലപ്പോഴും പന്തു നിയന്ത്രിക്കാനാവാതെ തെന്നിയപ്പോൾ ജർമൻ താരങ്ങൾ മൂന്നു ഗോളുകൾ തിരിച്ചടിച്ച് ജയവും ട്രോഫിയും സ്വന്തമാക്കി. 

പെ​ലെ 1970 മെ​ക്സി​ക്ക​ൻ ലോ​ക​ക​പ്പി​ൽ

970ലെ ലോകകപ്പിലും വലിയ വിജയം അഡിഡാസിനു തന്നെയായിരുന്നു. അതുപക്ഷേ, ബൂട്ടുകളിലൂടെയായിരുന്നില്ല- പന്തുകളിലൂടെയായിരുന്നു. ലോകകപ്പിന്റെ ഔദ്യോഗിക ബാളുകൾ നിർമിക്കാനുള്ള വാണിജ്യ കരാർ നേടിയെടുത്തതിലൂടെയായിരുന്നു അത്. ടെൽസ്റ്റാർ എന്നു പേരിട്ട ആ പന്തു മുതൽ ഇത്തവണ ഉപയോഗിക്കുന്ന ട്രിയോണ്ട വരെ ആ പന്തവകാശം അഡിഡാസ് പിന്നെ വിട്ടുകൊടുത്തില്ല. അതോടൊപ്പം ദേശീയ ടീമുകളുടെ ജഴ്സി സ്പോൺസർഷിപ്പും സ്വന്തമാക്കി അഡിഡാസ് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഇത്തവണ ലോകകപ്പിൽ മത്സരിക്കുന്ന 48 ടീമുകളിൽ 14 ടീമുകളുടെ ജഴ്സി നിർമാതാക്കൾ അഡിഡാസാണ്. 11 ടീമുകളുടെ കരാർ സ്വന്തമാക്കി പ്യൂമയും മത്സരരംഗത്തുണ്ടെങ്കിലും രണ്ടാം സ്ഥാനത്ത് അവരല്ല. മറ്റു പല മേഖലകളിലും അഡിഡാസിനെ നേരത്തേതന്നെ മറികടന്ന നൈക്കിയാണ്. 12 ടീമുകൾക്കു വേണ്ടിയാണ് ലോകത്തെ ഒന്നാം നമ്പർ സ്പോർട്സ് ഉപകരണ നിർമാതാക്കളായ അമേരിക്കൻ കമ്പനി ജഴ്സി നിർമിക്കുന്നത്.

1970ലെ പ്യൂമയെപ്പോലെ 1996ൽ നൈക്കിയും അഡിഡാസിനെതിരെ ഗോളടിച്ചു. ലോകചാമ്പ്യൻമാരായ ബ്രസീൽ ടീമിന്റെ കിറ്റ് അവകാശം സ്വന്തമാക്കിയതിലൂടെയായിരുന്നു അത്. 1998ൽ ബ്രസീൽ ഫൈനൽ കളിക്കുകയും 2002ൽ ചാമ്പ്യൻമാരാവുകയും ചെയ്തതോടെ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാർ അല്ലാതിരുന്നിട്ടും നൈക്കി ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ കണ്ണുകളിൽ നിറ‍ഞ്ഞുനിന്നു. എന്നാൽ സമീപകാലത്ത് ബ്രസീൽ നിറംമങ്ങുകയും മെസ്സിയും അർജന്റീനയും ലോകചാമ്പ്യൻമാരാവുകയും ചെയ്തതോടെ അഡിഡാസ് വീണ്ടും ഗോൾ തിരിച്ചടിച്ചു. ഇത്തവണ ലോകകപ്പിൽ കോളടിക്കുന്നത് ആരാകും? അഡിഡാസോ നൈക്കിയോ പ്യൂമയോ അതോ അധികം അറിയപ്പെടാത്ത മറ്റേതെങ്കിലും കമ്പനികളോ?

തയാറാക്കിയത്: മുഹമ്മദ് ദാവൂദ്

Tags:    
News Summary - Puma scored the goal, Adidas covered it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.