ന്യൂജഴ്സി: ഫ്രഞ്ച് ലിഗ് വണ്ണിൽ 13ാം തവണയും ചാമ്പ്യന്മാരായും ഫ്രഞ്ച് കപ്പിൽ 16ാം കിരീടം നേടിയും ഫ്രാൻസ് വാണ പാരിസ് സെന്റ് ജെർമെയ്ൻ രാജ്യവും കടന്ന് വൻകരയുടെയും രാജാക്കന്മാരായ വർഷമാണ് 2025. ഇനി വേണ്ടത് ലോകകിരീടമാണ്. ലൂയിസ് എൻറിക്വിന്റെ ശിഷ്യന്മാർക്ക് അത് കൈയെത്തും അരികെത്തന്നെയുണ്ട്.
ഈസ്റ്റ് റഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയം ഞായറാഴ്ച ഇന്ത്യൻ സമയം വെളുപ്പാൻകാലത്ത് അതിന് സാക്ഷിയാവുമെന്ന് ഫുട്ബാൾ ആരാധകരേറെയും അടക്കം പറയുമ്പോൾ മറുതലക്കലുള്ളത് ചെൽസിയാണ്. 2012ൽ നീലപ്പട ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് ടൂർണമെന്റിലെ ഫേവറിറ്റുകളായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകമായ അലയൻസ് അറീനയിൽ മറിച്ചിട്ടാണെന്നോർക്കണം.
2021ൽ ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം കരുത്തരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയും. അതേവർഷം ക്ലബ് ലോകകപ്പും നേടിയ ടീമാണ് ചെൽസി. ഇക്കുറി പി.എസ്.ജിക്ക് മുന്നിൽ ചരിത്രം ആവർത്തിക്കുമെന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗുകാരുടെ അവകാശവാദം.
യുവനിരയുമാണ് എൻറിക്വും എൻസോ മരെസ്കയും യു.എസിലെത്തിയിരിക്കുന്നത്. ബ്രസീലുകാരനായ പുതിയ സ്ട്രൈക്കർ ജാവോ പെഡ്രോയുടെ ഇരട്ട ഗോളിൽ ഫ്ലുമിനൻസിനെ തോൽപിച്ച് ഫൈനലിൽ കടന്ന ചെൽസിക്ക് ഗ്രൂപ്, നോക്കൗട്ട് മത്സരങ്ങളിൽ കിട്ടിയത് താരതമ്യേന ചെറിയ എതിരാളികളെയാണ്. മിഡ്ഫീൽഡാണ് ഇവരുടെ ശക്തി. അർജന്റീനക്കാരൻ എൻസോ ഫെർണാണ്ടസും എക്വഡോർ താരം മൊയ്സെസ് കായ്സെഡോയും വാഴുന്ന മധ്യനിരയാവും പി.എസ്.ജിക്ക് തലവേദനയുണ്ടാക്കുക. കായ്സെഡോയുടെ ഫിറ്റ്നസ് ആശങ്കയിലാണ് പക്ഷേ.
അപ്പുറത്ത് ഒന്നിനൊന്ന് കേമമാണ് പാരിസുകാർ. ആക്രമണോത്സുകത കാണിക്കുന്ന ഡിഫൻഡർമാർമുതൽ മധ്യനിരയും മുന്നേറ്റവുമെല്ലാം. ഗോളടിവീരന്മാരായ ഉസ്മാൻ ഡെബലിനെയും ഫാബിയൻ റൂയിസിനെയും പിടിച്ചുകെട്ടു ക്രോസ് ബാറിന് കീഴെ ഡോണറുമ്മയുടെ ചോരാത്ത കൈകളും ചേർന്നാൽ ലോകകിരീടം ഫ്രാൻസിലേക്ക് പറക്കും. ടൂർണമെന്റിൽ പി.എസ്.ജി ആകെ നേടിയത് 16 ഗോളാണ്. വഴങ്ങിയത് ഒരെണ്ണം മാത്രം, അതും ഗ്രൂപ് റൗണ്ടിൽ. നോക്കൗട്ടിലെ മൂന്ന് മത്സരങ്ങളിലായി 10 ഗോളടിച്ചപ്പോൾ തിരിച്ചൊരെണ്ണം പോലുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.