ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിലെത്തിയ പി.എസ്.ജി താരങ്ങളുടെ ആഹ്ലാദം

ഖത്തറിൻെറ തേരിൽ പി.എസ്​.ജിക്ക്​ ചാമ്പ്യൻസ്​ ലീഗ് കുതിപ്പ്​

ദോഹ: യുവേഫ ചാമ്പ്യൻസ്​ ലീഗിൻെറ ഫൈനലിലേക്ക് ഇതാദ്യമായി പാരിസ്​ സെയിൻറ് ജെർമെനെന്ന പി.എസ്​.ജി ടിക്കറ്റുറപ്പിച്ചു. ഫൈനൽ പോരിൽ പി.എസ്​.ജി കപ്പടിച്ചാൽ മുത്തം ഖത്തറെന്ന കൊച്ചുരാജ്യത്തിനുമാകും. ക്ലബിൻെറ നല്ലൊരു ശതമാനം ഓഹരിയും വഹിക്കുന്നത് ഖത്തറാണെന്നതാണ്​ ഇതിന് കാരണം. നെയ്മറും എംബാപ്പെയും ഡി മരിയയും അടങ്ങുന്ന പാരിസ്​ നിര ചരിത്രത്തിലാദ്യമായി യൂറോപ്പിലെ വമ്പൻ ചാമ്പ്യൻഷിപ്പിൻെറ ഫൈനലിലേക്ക് പന്തുതട്ടാനിറങ്ങുമ്പോൾ പ്രാർഥനയോടെ ആവേശത്തിൽ മിഡിലീസ്​റ്റിലെ കൊച്ചു ഖത്തറുമുണ്ടാകും. ടീം ഫൈനലിൽ പ്രവേശിച്ചതിൽ തന്നെ ഖത്തറിന്​ അഭിമാനിക്കാനേറെയുണ്ട്.

1970ൽ രൂപീകരിക്കപ്പെട്ട ക്ലബ് 2011ലാണ് ഖത്തറിൻെറ ഉടമസ്​ഥതയിലേക്കെത്തുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചെയർമാനായ ഖത്തർ ഇൻവെസ്​റ്റ്മെൻറ് അതോറിറ്റി (ക്യു ഐ എ)യുടെ സഹോദര സ്​ഥാപനമായ ഖത്തർ സ്​പോർട്സ്​ ഇൻവെസ്​റ്റ്മെൻറ്സ്​ (ക്യു.ഐ.എ) ആണ് ക്ലബിൻെറ ഉടമകൾ. 2011ൽ ക്ലബിൻെറ ഉടമസ്​ഥത ഖത്തറിലെത്തിയതിന് ശേഷം ഖത്തരി വ്യാപാരിയും ബീൻ മീഡിയാ ഗ്രൂപ്പ് മേധാവിയുമായ നാസർ അൽ ഖിലൈഫിയാണ് ക്ലബിൻെറ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഖത്തർ ടെന്നിസ്​ സ്​ക്വാഷ് ബാഡ്മിൻറൺ ഫെഡറേഷൻ പ്രസിഡൻറും ഫുട്ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാൾ കൂടിയാണ് നാസർ അൽ ഖിലൈഫി.

ഒറ്റലക്ഷ്യം, പി.എസ്​.ജിയുടെ യൂറോപ്യൻ ചാമ്പ്യൻപട്ടം

ക്ലബിൻെറ ഉടമസ്​ഥത ഖത്തർ സ്​പോർട്സ്​ ഇൻവെസ്​റ്റ്മെൻറ്സിൻെറ കൈകളിലെത്തിയതോടെ പി.എസ്​.ജിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കുകയെന്ന നിശ്ചയദാർഢ്യത്തിലാണ് ക്ലബ് ഉടമകളും ഭാരവാഹികളും. ലക്ഷ്യത്തിലേക്കെത്തുന്നതിന് തിയാഗോ സിൽവ, സ്​ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡേവിഡ് ലൂയിസ്​, എഡിൻസൻ കവാനി, നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ തുടങ്ങിയ പ്രമുഖരുൾപ്പെടെയുള്ള പ്രഗൽഭരെ ടീമിലെത്തിക്കുകയും ചെയ്തു. 2011ന് ശേഷം ട്രാൻസ്​ഫർ വിപണിയിൽ മാത്രം 100 കോടി യൂറോയാണ് പി.എസ്​.ജി ചെലവഴിച്ചിരിക്കുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മാത്രം കിട്ടാക്കനിയായി തുടരുകയും ചെയ്യുന്നു. വൻ തുക മുടക്കി ടീമിലെത്തിച്ചവരിൽ തിയാഗോ സിൽവ, നെയ്മർ, എംബാപ്പേ തുടങ്ങിയവർ മാത്രമാണ് അവശേഷിക്കുന്നത്. ഇവരോടൊപ്പം എയ്ഞ്ചൽ ഡി മരിയയും മൗറോ ഇക്കാർഡിയും പാബ്ലോ സറാബിയയും മാർക്കിഞ്ഞോസും മാർകോ വെറാറ്റിയും ഗോൾ കീപ്പർ കീലർ നവാസും പി.എസ്​.ജി നിരയിലുണ്ട്.

പി.എസ്​.ജി ക്ലബ്​ പ്രസിഡൻറും ഖത്തർ ബീൻ മീഡിയാ ഗ്രൂപ്പ് മേധാവിയുമായ നാസർ അൽ ഖിലൈഫി, നെയ്​മറിനൊപ്പം 

ആദ്യമായി ചാമ്പ്യൻസ്​ ലീഗ്​ കലാശപ്പോരിന്​

രൂപീകരിച്ചത് മുതൽ 2019–2020 സീസണിലെത്തി നിൽക്കുമ്പോൾ ആഭ്യന്തര ലീഗിൽ പി.എസ്​.ജിയെ പിന്തള്ളാൻ ആരും വളർന്നിട്ടില്ല. 43 ചാമ്പ്യൻഷിപ്പുകളാണ് ആഭ്യന്തര തലത്തിൽ പി.എസ്​.ജി ഷോക്കേസിലെത്തിച്ചത്. ഇതിൽ ഒമ്പത് ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യൻഷിപ്പുമുണ്ട്. ഇതും റെക്കോർഡ് നേട്ടമാണ്. യുവേഫ കപ്പ് വിന്നേഴ്്സ്​ കപ്പ്, യുവേഫ ഇൻറർടോട്ടോ കപ്പ് എന്നിവയും പി.എസ്​.ജി നേടിയിട്ടുണ്ടെങ്കിലും യുവേഫ ചാമ്പ്യൻസ്​ ലീഗെന്ന നേട്ടം എത്തിപ്പിടിക്കാനായില്ല.

2019–2020 സീസൺ യുവേഫ ചാമ്പ്യൻസ്​ ലീഗിൽ വൻ ജയങ്ങളോടെ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടർ റൗണ്ടും പിന്നിട്ട് നിൽക്കുന്നതിനിടെയാണ് കോവിഡ്–19 പ്രതിസന്ധി വന്നു പതിച്ചത്. താൽക്കാലികമായി നിർത്തിവെച്ച ലീഗ് കുറഞ്ഞ ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന നിർദേശത്തോടെ കോവിഡ്–19 േപ്രാട്ടോകോൾ പാലിച്ച് പുനരാരംഭിക്കുമ്പോൾ പ്രതീക്ഷയിലായിരുന്നു പി.എസ്​.ജി.

അറ്റാലൻറക്കെതിരെ അവസാന നിമിഷം വരെ പിന്നിട്ട് നിന്ന് ഇഞ്ചുറി സമയത്ത് രണ്ട് ഗോളടിച്ച് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ചരിത്രത്തിൽ ആദ്യ സെമിയിലിടം പിടിച്ചു. സെമിയിൽ പി.എസ്​.ജിയെ കാത്തിരുന്നത് കറുത്ത കുതിരകളായി മാറിയ ആർ ബി ലെപ്സിഷ്. ടോട്ടനാമിനെയും അത്​ലറ്റികോ മാഡ്രിഡിനെയും തകർത്ത് പി.എസ്​.ജിക്ക് മുന്നിലെത്തിയ 11 വർഷം മാത്രം പഴക്കമുള്ള ലെപ്സിഷ്, നെയ്മറിനും സംഘത്തിനും കാര്യമായ വെല്ലുവിളികളുയർത്താതെ കീഴടങ്ങുകയായിരുന്നു. ചരിത്രത്തിലിടം നേടി പി.എസ്​.ജി കലാശപ്പോരാട്ടത്തിലേക്കും. ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ഫ്രഞ്ച് അട്ടിമറി വീരന്മാരായ ലിയോണും തമ്മിൽ നടക്കുന്ന സെമി പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലിൽ പി.എസ്​.ജിയുടെ എതിരാളികൾ.

ചരിത്ര രാത്രിയായിരുന്നു അത്... ഞങ്ങൾ അർഹിച്ച വിജയം -ഖിലൈഫി

'ചരിത്ര രാത്രിയായിരുന്നു അത്. ഞങ്ങൾ അർഹിച്ച വിജയം. ശക്തരായ ലെപ്സിഷിനെതിരെ മികച്ച പ്രകടനം തന്നെയാണ് ടീം പുറത്തെടുത്തത്. അഭിമാനിക്കുന്നു. കളിക്കാരിലും സ്​റ്റാഫിലും'. മത്സരശേഷം ക്ലബ് പ്രസിഡൻറ് നാസർ അൽ ഖിലൈഫിയുടെ വാക്കുകളാണിവ.
പാരിസിലേക്ക് മടങ്ങാൻ ഞങ്ങളാഗ്രഹിച്ചിരുന്നില്ല. ലിസ്​ബണിൽ തന്നെ തങ്ങാനായിരുന്നു പ്ലാൻ. ഇതൊരു സ്വപ്നമായിരുന്നു. നേട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് പറയണമെന്ന് അറിയില്ല.
2011ൽ ടീമിനൊപ്പം ചേർന്നതിന് ശേഷം സ്വപ്ന സാക്ഷാത്കാരത്തിന് തൊട്ടടുത്താണ് എത്തിയിരിക്കുന്നത്. ഖിലൈഫി കൂട്ടിച്ചേർത്തു.

അതേസമയം, ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടമാണ് മുന്നിലുള്ള ലക്ഷ്യം. ഫുട്ബോളാണ്, എന്തും സംഭവിക്കാം. കളിക്കാരിലും കൂടെയുള്ള സഹപ്രവർത്തകരിലും അഭിമാനിക്കുന്നുവെന്ന് പരിശീലകൻ തോമസ്​ ടൂഹൈലും പറഞ്ഞു.

പി.എസ്​.ജിയുടെ ശൈത്യകാല പരിശീലനം ഖത്തറിൽ

പി.എസ്​.ജി ഖത്തറിൻെറ സ്വന്തമായതിന് ശേഷം എല്ലാ വർഷവും ശൈത്യകാല പരിശീലനത്തിനെത്തുന്നത് ആസ്​പയർ സോണിലാണ്. ഇതിനകം തന്നെ നിരവധി ലോകോത്തര താരങ്ങൾ പി.എസ്​.ജിക്കൊപ്പം ഖത്തർ സന്ദർശിച്ചു മടങ്ങി. ഖത്തറിലെ ഫുട്ബോൾ േപ്രമികൾക്ക് ഇഷ്​ട താരങ്ങളെ നേരിൽ കാണാനുള്ള അവസരം കൂടിയാണ് ശൈത്യകാല പരിശീനത്തിലൂടെ ലഭിക്കുന്നത്.

നേരത്തെ ചാമ്പ്യൻസ്​ ലീഗ് സെമിയിലെത്തിയ പി.എസ്​.ജിയുടെ നേട്ടത്തിൽ അഭിനന്ദിച്ച് ഖത്തർ നാഷണൽ മ്യൂസിയത്തിൽ പി.എസ്​.ജിയുടെ പോസ്​റ്റർ പതിച്ചിരുന്നു. ഖത്തർ–ഫ്രഞ്ച് സാംസ്​കാരിക വർഷം 2020ലേക്ക് വെളിച്ചം വീശി ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയാണ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ പങ്ക് വെച്ചതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.