മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും തോൽവി; ചെൽസിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും തോൽവി. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡ് കീഴടങ്ങിയത്. തുടർച്ചയായ തോൽവിക്ക് ശേഷം ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ ജയവുമായി തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് വിജയതുടർച്ച നേടാനായില്ല.

വിരസവും ഗോൾരഹിതവുമായ ആദ്യ പകുതിക്ക് ശേഷം 64ാം മിനിറ്റിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് ആദ്യ ലീഡെടുക്കുന്നത്. നിക്കോളാസ് ഡൊമിംഗസാണ് ഗോൾ കണ്ടെത്തിയത്. 78ാം മിനിറ്റിൽ മാർക്കസ് റഷ്ഫോർഡിലൂടെ യുനൈറ്റഡ് സമനില ഗോൾ കണ്ടെത്തി(1-1). ഫോറസ്റ്റ് ഗോൾകീപ്പർ ടർണറിന് പറ്റിയ അബദ്ധത്തെ തുടർന്ന് പന്ത് കൈവശപ്പെടുത്തിയ ഗർനാചോ പന്ത് റഷ്ഫോർഡിന് കൈമാറുകയായിരുന്നു. പിഴവുകളില്ലാതെ റഷ്ഫോർഡ് അത് ഫോറസ്റ്റിന്റെ വലയിലെത്തിച്ചു.

എന്നാൽ 82ാം മിനിറ്റിൽ ഗിബ്സ് വൈറ്റിലൂടെ നോട്ടിങ്ഹാം ഫോറസ്റ്റ് വിജയഗോൾ നേടുകയായിരുന്നു. 20 മത്സരങ്ങളിൽ ഒമ്പതും തോറ്റ യുനൈറ്റഡ് 31 പോയിന്റുമായി നിലവിൽ ഏഴാമതാണ്. ജയത്തോടെ നോട്ട്ങ്ഹാം ഫോറസ്റ്റ് 15ാം സ്ഥാനത്തേക്ക് ഉയർന്നു.


ആവേശകരമായ മറ്റൊരു മത്സരത്തിൽ ലൂട്ടൺ ടൗണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി വിജയവഴിയിലെത്തി. കോൾ പാൽമറിന്റെ ഇരട്ടഗോളിന്റെ ബലത്തിൽ 80 മിനിറ്റുവരെ മൂന്ന് ഗോളിന് മുന്നിലായിരുന്ന ചെൽസിക്കെതിരെ അവസാന പത്ത് മിനിറ്റിൽ രണ്ടുഗോളുകൾ നേടി ലൂട്ടൺ ടൗൺ ഞെട്ടിച്ചു.

12ാം മിനിറ്റിൽ പാൽമറാണ് ചെൽസിക്ക് ആദ്യ ലീഡ് സമ്മാനിക്കുന്നത്. 37ാം നോനി മദൂകെയിലൂടെ ലീഡ് ഇരട്ടിയാക്കിയ ചെൽസി 70ാം മിനിറ്റിൽ പാൽമറിലൂടെ തന്നെ മൂന്നാം ഗോളും കണ്ടെത്തി. റോസ് ബാർക്ക്ലിയാണ് 80ാം മിനിറ്റിൽ ലൂട്ടണ് വേണ്ടി ആദ്യ മറുപടി ഗോൾ നേടുന്നത്. 87ാം മിനിറ്റിൽ ലൂട്ടൺ വീണ്ടും ഗോൾ നേടിയെങ്കിലും അന്തിമ വിജയം ചെൽസിക്കായിരുന്നു. 20 മത്സരങ്ങൾ പൂർത്തിയാക്കിയ ചെൽസി 28 പോയിന്റുമായി പത്താം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ബ്രെൻഡ് ഫോർഡിനെതിരെയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസ് ജയിച്ചു. മിഖായേൽ ഒലീസ് ഇരട്ടഗോൾ നേടി.


Tags:    
News Summary - Premier League: Manchester United Misery Mounts After 1-2 Loss to Nottingham Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.