വെനിസ്വേലയുമായി സമനില; ബ്രസീൽ താരം നെയ്മറിനു നേരെ ആരാധകന്‍റെ പോപ് കോൺ ‘പ്രയോഗം’

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വെനിസ്വേലയോട് സമനിലയിൽ കുരുങ്ങിയതോടെ ലാറ്റിനമേരിക്കൻ മേഖലയിൽ ബ്രസീൽ അർജന്‍റീനക്കു പിന്നിൽ രണ്ടാമതായി.

ഒമ്പത് പോയന്‍റുമായി അർജന്‍റീനയാണ് ഒന്നാമത്. ബ്രസീലിന് ഏഴു പോയന്‍റ്. സ്വന്തം തട്ടകത്തിലാണ് വെനിസ്വേല 1-1ന് കരുത്തരായ കാനറികളെ പിടിച്ചുകെട്ടിയത്. ബ്രസീലിന് വേണ്ടി മഗൽഹെസും വെനിസ്വേലക്ക് വേണ്ടി എഡ്വാർഡ് ബെല്ലോയുമാണ് ഗോൾ നേടിയത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് നടന്നുപോകുന്നതിനിടെ ഗാലറിയിൽനിന്ന് ഒരു ആരാധകൻ താരത്തിനുനേരെ പോപ് കോണിന്‍റെ പാക്കറ്റ് എറിഞ്ഞു.

നെയ്മറിന്‍റെ തലയിലാണ് പാക്കറ്റ് വന്ന് പതിച്ചത്. പിന്നാലെ ഗാലറിയിലേക്ക് നോക്കി രോഷത്തോടെ കൈ ചൂണ്ടി സംസാരിച്ച സൂപ്പർതാരത്തെ സഹാതാരങ്ങളും മറ്റും ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ താരം ടാർഗറ്റ് ലക്ഷ്യമാക്കി രണ്ടു ഷോട്ടുകൾ തൊടുത്തെങ്കിലും ഗോൾ നേടാനായില്ല. 101 തവണയാണ് താരം പന്തു തൊട്ടത്.

കളിയിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീലിന് ആദ്യ പകുതിയിൽ ഗോളൊന്നും കണ്ടെത്താനായില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഹെഡറുതിർത്ത് ആഴ്സനൽ സെന്റർബാക്കായ മഗല്ലൈസിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. ഒരു ഗോളിന്റെ ലീഡിന് ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ബ്രസീലിന് തിരിച്ചടിയായി 85ാം മിനിറ്റിൽ ബെല്ലോ ഗംഭീരമായ ബൈസിക്കിൾ കിക്കിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. പകരക്കാരനായാണ് ബെല്ലോ കളത്തിലെത്തിയത്.

ഈമാസം 17ന് ഉറുഗ്വായിക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത യോഗ്യത റൗണ്ട് മത്സരം. പിന്നാലെ ഒക്ടോബർ 23ന് എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ -ഹിലാലിനായി താരം കളത്തിലിറങ്ങും. ഐ.എസ്.എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ.

Tags:    
News Summary - Neymar hit with a bag of popcorn by fan after Brazil draw 1-1 with Venezuela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.