സാവോ പോളോ: ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഇപ്പോൾ സന്തോഷവാനാണ്. പരിക്കിന്റെ പടുകുഴിയിൽ വീണ് നഷ്ടപ്പെട്ട സീസണുകളെ കുറിച്ചുള്ള ഓർമകളൊന്നും താരത്തെ അലട്ടുന്നില്ല. പന്തുതട്ടി തുടങ്ങിയ സാന്റോസിൽ തിരിച്ചെത്തിയതിൽ പിന്നെ തന്നിലെ താരത്തെ വീണ്ടെടുത്ത സന്തോഷത്തിലാണ്.
ഞായറാഴ്ച അഗ്വ സാന്റയ്‌ക്കെതിരെ സാന്റോസ് 3-1 വിജയിച്ച് കയറുമ്പോൾ ആദ്യ വലകുലുക്കിയത് നെയ്മർ ജൂനിയറായിരുന്നു. പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. സാന്റോസിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ ഗോളായിരുന്നു. നാലാമത്തെ മത്സരത്തിലാണ് താരം ഗോൾ കണ്ടെത്തിയത്.
'വീണ്ടും കളിക്കാവുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നൂറു ശതമാനം ആരോഗ്യവാനായി മുന്നോട്ട് പോകാനാകില്ല, ഇത് എന്റെ നാലാമത്തെ മത്സരം മാത്രമാണ്, പക്ഷേ ഞാൻ കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു. ഗോൾ നേടാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു , ഇത് ആരാധകർക്കും കുടുംബത്തിനും വേണ്ടി സമർപ്പിക്കുന്നു.'-മത്സര ശേഷം നെയ്മർ പറഞ്ഞു.
2023 ആഗസ്റ്റിൽ പി.എസ്.ജിയിൽ 77.6 മില്യൺ പൗണ്ട് മുടക്കി നെയ്മറിനെ സൗദി ക്ലബായ അൽഹിലാൽ ടീമിലെത്തിച്ചെങ്കിലും പരിക്കിൽ നിന്ന് പരിക്കിലേക്ക് നീങ്ങിയ സൂപ്പർ താരത്തിന് ഹിലാലിന് വേണ്ടി കളിക്കാനായത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. കാൽമുട്ട് ശസ്ത്രക്രിയക്ക് ശേഷം ടീമിൽ തിരിച്ചെത്തിയെങ്കിലും കളി തുടരാനായിരുന്നില്ല. കരാർ കാലാവധി അവസാനിച്ചതോടെ ഹിലാൽ വിട്ട് തന്റെ ആദ്യ ക്ലബായ സാന്റോസിൽ ചേക്കേറുകയായിരുന്നു.
2009ൽ സാന്റോസിന് വേണ്ടി പന്തുതട്ടിയാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിൽ ഒരാളായ നെയമർ ജൂനിയറിന്റെ വരവ്. 2009 -2013 കാലഘട്ടത്തിൽ സാന്റോസിനായി 177 മത്സരങ്ങളിൽ നിന്ന് 107 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് ബാഴ്സലോണയിലും പി.എസ്.ജിയിലും ഹിലാലിലും പന്തു തട്ടി സ്വന്തം തട്ടകമായ സാന്റോസിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.