ലണ്ടന്‍: ഇംഗ്ലണ്ട് പ്രതിരോധ താരം കീരൺ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂകാസിൽ യുനൈറ്റഡ് താരമായ 33കാരൻ ഇംഗ്ലണ്ടിനായി 54 മത്സരങ്ങൾ കളിച്ചു. 2017ൽ മുൻ പരിശീലകൻ ഗരെത് സൗത്ഗേറ്റിനു കീഴിലാണ് ട്രിപ്പിയർ അരങ്ങേറ്റം കുറിക്കുന്നത്. മൂന്നു മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഒരു ഗോൾ മാത്രമാണ് ഇംഗ്ലണ്ടിനായി നേടിയത്. 2018 ലോകകപ്പ് സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ട്രിപ്പിയര്‍ നേടിയ ആ ഫ്രീ കിക്ക് ഗോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ തോല്‍വിക്കു പിന്നാലെയാണ് സൗത്ത്‌ഗേറ്റ് പരിശീലക സ്ഥാനം ഒഴിയുന്നത്. പുതിയ ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രിപ്പിയറുടെ വിരമിക്കല്‍.
ക്ലബ് ഫുട്ബാളിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ തീരുമാനം. രാജ്യത്തിനായി 54 മത്സരങ്ങൾ കളിക്കുമെന്ന് ബറിയിൽനിന്നുള്ള യുവാവെന്ന നിലയിൽ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ട്രിപ്പിയർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നാല് പ്രധാന ടൂർണമെന്‍റുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്.
സൗത്ത്ഗേറ്റും സഹതാരങ്ങളും ഇത്രയുംനാൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ടിന്‍റെ ആദ്യ ആറു മത്സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.