മാഞ്ചസ്റ്റർ യുനൈറ്റഡിന്​​ പുതുവർഷ ജയം; പോയിന്‍റ്​ പട്ടികയിൽ ലിവർപൂളിനൊപ്പം

മാഞ്ചസ്റ്റർ: പുതുവർഷ ദിനത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ പോയിന്‍റ്​ പട്ടികയിൽ ലിവർപൂളിനൊപ്പം. 2-1നായിരുന്നു മാഞ്ചസ്റ്ററിന്‍റെ ജയം. ചെങ്കുപ്പായക്കാർക്കായി അന്തോണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ്​ എന്നിവരാണ്​ ലക്ഷ്യം കണ്ടത്​. ബെർ‌ട്രാൻഡ് ട്രോർ വകയായിരുന്നു എതിരാളികളുടെ ആശ്വാസ ഗോൾ.

40ാം മിനുറ്റിൽ ഫ്രഞ്ച്​ താരം മാർഷലിന്‍റെ ഹെഡ്ഡറലൂടെയാണ്​ മാഞ്ചസ്റ്റർ മുന്നിലെത്തിയത്​. എന്നാൽ, 58ാം മിനുറ്റിൽ ബെർ‌ട്രാൻഡ് ട്രോർ ആസ്റ്റൺ വില്ലയെ ഒപ്പമെത്തിച്ചു.

തിരിച്ചടിയേറ്റ ആതിഥേയർക്ക്​ വിജയ വഴിയിൽ എത്താൻ കൂടുതൽ സമയം വേണ്ടിവന്നില്ല. 61ാം മിനുറ്റിൽ പോഗ്​ബയെ തള്ളിയിട്ടതിന്​ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ്​ ഗോളാക്കി മാറ്റി. ഈ സീസണിൽ ഫെർണാണ്ടസിന്‍റെ പതിനൊന്നാമത്തെ ലീഗ് ഗോളായിരുന്നവത്​.

വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ്​ഹാം യുനൈറ്റഡ്​ എവർട്ടണിനെ പരാജയ​പ്പെടുത്തി (1-0). നിലവിൽ 16 മത്സരങ്ങളിൽനിന്ന്​ ലിവർപൂളിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും 33 പോയിന്‍റാണുള്ളത്​​. എന്നാൽ, ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ലിവർപൂൾ തന്നെയാണ്​ പട്ടികയിൽ ഒന്നാമത്​. 29 പോയിന്‍റ്​ വീതമുള്ള ലെസ്റ്ററും എവർട്ടണുമാണ്​ യഥാക്രമം മൂന്നും നാലും സ്​ഥാനത്ത്​. 26 പോയിന്‍റുമായി ചെൽസി അഞ്ചാം സ്​ഥാനത്തുണ്ട്​.

ഏറെ കാലങ്ങൾക്ക്​ ശേഷമാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​ പഴയ പ്രതാപത്തിലേക്ക്​ തിരിച്ചുവരുന്നത്​. ലോകത്തെ ഏറ്റവും ആരാധകരും സമ്പത്തുമുള്ള ക്ലബെന്ന ഖ്യാതിയുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്​ കഴിഞ്ഞ ഏതാനും സീസണുകളായി കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല.

അലക്​സ്​ ഫെർഗൂസൺ പരിശീലക സ്ഥാനം ഒഴിഞ്ഞശേഷം ഓൾഡ്​ ട്രാഫോഡിൽ പ്രീമിയർ ലീഗ്​ കിരീടം എത്തിക്കാൻ പോയിട്ട്​ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോലും പ്രതാപികൾക്കായില്ല.

തുടർതോൽവികളുമായി പുതുസീസൺ ആരംഭിച്ചതോടെ ഇക്കുറിയും കാര്യമായ മാറ്റമുണ്ടാകില്ലെന്ന്​ പലരും കരുതി. എന്നാൽ, അവിശ്വസനീയമായ രീതിയിൽ ചെങ്കുപ്പായക്കാർ തിരിച്ചുവരികയായിരുന്നു. യുനൈറ്റഡ്​ നിലവിലെ ഫോമിൽ പന്തുതട്ടിയാൽ കിരീടം നിലനിർത്താൻ ഇക്കുറി ലിവർപൂൾ പാടുപെടേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.