22 മിനിറ്റ്, വാങ്ങിയത് നാലു ഗോൾ; ആദ്യ പകുതിയിൽ മുംബൈയോട് കളി മറന്ന് ബ്ലാസ്റ്റേഴ്സ്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയോട് കളി മറന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതി പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് മുംബൈ മുന്നിട്ടുനിൽക്കുന്നു. ആദ്യത്തെ 22 മിനിറ്റിലാണ് മഞ്ഞപ്പട നാലു ഗോളുകളും വഴങ്ങിയത്.

ജോർഹെ പെരേര ഡയസ് (4, 22 മിനിറ്റുകളിൽ), ഗ്രെഗ് സ്റ്റുവാർട്ട് (10ാം മിനിറ്റിൽ), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈക്കായി ഗോളുകൾ നേടിയത്. പ്രതിരോധത്തിലെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുംബൈ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറപ്പിച്ചു.

നാലാം മിനിറ്റില്‍ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഡയസ്സാണ് മുംബൈക്കു വേണ്ടി ആദ്യം വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. എന്നാല്‍ പന്ത് റീബൗണ്ടായി നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്ക്. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടു.

10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈ ലീഡുയര്‍ത്തി. ലാലിയൻസുവാല ചാങ്തെയുടെ മനോഹര ക്രോസ് ഹെഡറിലൂടെ സ്റ്റുവാർട്ട് വലയിലാക്കി. കയറിത്തട്ടാന്‍ ഗോള്‍കീപ്പര്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും വലകുലുക്കി. ഇടതുവിങ്ങിൽനിന്ന് ഡയസ് നല്‍കിയ പാസ് സ്വീകരിച്ച ബിപിന്‍, ബോക്സിനുള്ളിൽനിന്ന് തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് ബോക്സിന്‍റെ വലതു മൂലയിലേക്ക്.

22ാം മിനിറ്റിലായിരുന്ന ഡയസിന്‍റെ രണ്ടാം ഗോൾ. ഗ്രൗണ്ടിന്‍റെ മധ്യത്തിൽനിന്ന് അഹമ്മദ് ജാഹു നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോൾകീപ്പറെയും കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്കോവിച് കളിക്കുന്നില്ല. വിലക്കുമാറി യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി ടീമിൽ തിരിച്ചെത്തി. 13 കളികളിൽ 31 പോയന്റുമായി മുന്നിലുള്ള നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയുടെ തൊട്ടുപിറകിലാണ് 12 മത്സരങ്ങളിൽ 30 പോയന്റുള്ള മുംബൈ.

ബ്ലാസ്റ്റേഴ്സ് 12 കളികളിൽ 25 പോയന്റുമായി മൂന്നാമതും. ആദ്യപാദത്തിൽ കൊച്ചിയിൽ മുംബൈയുമായി ഏറ്റുമുട്ടിയപ്പോൾ 2-0 തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. മുംബൈയാവട്ടെ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. സീസണിൽ പരാജയമറിയാത്ത ഏക ടീമാണവർ.

പ്ലെയിങ് ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ് –പ്രഭ്സുഖൻ ഗിൽ (ഗോൾ കീപ്പർ), ഹർമൻജ്യോത് ഖബ്ര, വിക്ടർ മോംഗിൽ, റിയുവ ഹോർമിപാം, ജെസൽ കർണെയ്റോ, ജീക്സൻ സിങ്, ഇവാൻ കലിയൂഷ്നി, സഹൽ അബ്ദുസമദ്, അഡ്രിയൻ ലൂന, കെ.പി. രാഹുൽ, ദിമിത്രിയോസ് ഡയമന്റകോസ്.

മുംബൈ സിറ്റി –ഫുർബ ലാചെൻപ (ഗോൾ കീപ്പർ), രാഹുൽ ഭേക്കെ, റോസ്റ്റിൻ ഗ്രിഫിത്സ്, മെഹ്താബ് സിങ്, ഡി. വിഘ്നേഷ്, അഹമ്മദ് ജാഹൂ, അപൂയ റാൽറ്റെ, ഗ്രെഗ് സ്റ്റുവാർട്ട്, ലാലിയൻസുവാല ചാങ്തെ, ബിപിൻ സിങ്, ജോർഹെ പെരേര ഡയസ്

Tags:    
News Summary - Mumbai leading against blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT