1986ലെ ലോകകപ്പ് ക്വാർട്ടർ ഫൈനൽ കളിച്ച മെക്സിക്കോ ടീം (ഫയൽ)

ക്വിന്റോ പാർട്ടിഡോയിൽ തട്ടിയുടയുന്ന മെക്സിക്കൻ തിരമാല

ലോകകപ്പിൽ മികച്ച പാരമ്പര്യമുള്ള ടീമാണ് മെക്സികോ. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ചടുലതയും യൂറോപ്യൻ ഫുട്ബാളിന്റെ അച്ചടക്കവും സമന്വയിക്കുന്ന കളിശൈലി കൈമുതലുള്ള ടീം. ഇത്തവണ സ്വന്തം മണ്ണിൽ കളിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയന്റ്. കഴിഞ്ഞ പല ലോകകപ്പുകളിലും പ്രീ-ക്വാർട്ടർ ഘട്ടത്തിൽ വരെയെത്തിയിരുന്നു. ഒന്നാം ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് മെക്സികോയാണ്. പക്ഷേ, ഒരു പ്രശ്നമുണ്ട്. ക്വാർട്ടർ എന്ന കടമ്പ ടീമിന് അത്രയെളുപ്പമല്ല. 40 വർഷങ്ങൾക്കപ്പുറമായിരുന്നു മെക്സികോയുടെ ലോകകപ്പിലെ അവസാന ക്വാർട്ടർ മത്സരം. ‘ക്വിന്റോ പാർട്ടിഡോ’ എന്നറിയപ്പെടുന്ന ക്വാർട്ടർ ഫൈനൽ ശാപം മെക്സിക്കൻ ടീമിനെ പതിറ്റാണ്ടുകളായി പിന്തുടരുന്ന കായിക പ്രതിഭാസമാണ്.

ക്വിന്റോ പാർട്ടിഡോ എന്ന സ്പാനിഷ് വാക്കിന്റെ അർഥം അഞ്ചാം മത്സരം എന്നാണ്. ലോകകപ്പിൽ എത്ര നന്നായി കളിച്ചാലും പ്രീ-ക്വാർട്ടർ ഘട്ടം കടന്ന്, അഞ്ചാമത്തെ മത്സരമായ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോകുന്ന നിർഭാഗ്യം മെക്സികോയുടെ ശാപമായി ആരാധകർ കരുതുന്നു. 1994 മുതൽ 2018 വരെയുള്ള തുടർച്ചയായ ഏഴു ലോകകപ്പുകളിൽ മെക്സികോ ഗ്രൂപ് ഘട്ടം വളരെ വിജയകരമായി മറികടന്നു. എന്നാൽ, പ്രീക്വാർട്ടറിൽ അവർ തോറ്റ് പുറത്തായി. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെക്സികോ നോക്കൗട്ട് ഘട്ടത്തിലെക്കെത്തിയുമില്ല. പോളണ്ട്, അർജന്റീന, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി പ്രാഥമിക ഘട്ടത്തിൽ തന്നെ പുറത്തായി. കഴിഞ്ഞ 25 വർഷത്തിനിടെ മെക്സികോ നോക്കൗട്ടിൽ എത്താതിരുന്ന ഒരേയൊരു ലോകകപ്പും ഇതായിരുന്നു. ചരിത്രത്തിൽ ആകെ രണ്ടുതവണ മാത്രമാണ് മെക്സികോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുള്ളത്; 1970ലും 1986ലും. ഈ രണ്ടു തവണയും മെക്സികോ തന്നെയായിരുന്നു ലോകകപ്പിന് ആതിഥേയത്വം വഹിച്ചതെന്ന കൗതുകവുമുണ്ട്. ഇത്തവണ വീണ്ടും ആതിഥേയരായി പോരിനിറങ്ങുമ്പോൾ ‘ക്വിന്റോ പാർട്ടിഡോ’ എന്ന കളിപ്പേടി മുന്നിലുണ്ട്. പക്ഷേ, കണക്കുകൾ മെക്സികോയുടെ കൂടെയാണെന്ന ആശ്വാസമാണ് ആരാധകർക്ക്.

മെക്സിക്കൻ ഫുട്ബാളിന് എപ്പോഴും ഒരു ലാവണ്യമുണ്ട്. മുൻകാല താരങ്ങളായ ഹ്യൂഗോ സാഞ്ചസ്, ക്വാട്ടെമോക് ബ്ലാങ്കോ, ഹാവിയർ ഹെർണാണ്ടസ് (ചിചാരിറ്റോ), ഗില്ലർമോ ഒച്ചോവ എന്നിവരൊക്കെ മൈതാനത്ത് മാന്ത്രികത വിരിയിച്ചവരാണ്. മൈതാനത്ത് പന്ത് കൈവശം വെച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന മെക്സികോ അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. യൂറോപ്യൻ ലീഗുകളിലെ പരിചയസമ്പന്നരും മെക്സിക്കൻ ലീഗിലെ യുവതാരങ്ങളും ഉൾപ്പെടുന്ന നിരയെയാണ് ഇത്തവണ കോച്ച് ഹാവിയർ അഗിരെ മെക്സികോക്കായി ഒരുക്കുന്നത്. വെസ്റ്റ് ഹാം യുനൈറ്റഡിനായി തിളങ്ങുന്ന എഡ്സൺ അൽവാരസായിരിക്കും ക്യാപ്റ്റൻ. പ്രതിരോധത്തിലും മിഡ്ഫീൽഡിലും ഒരുപോലെ കളിക്കാൻ മികവുള്ള താരം. പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ ഫോർവേഡായ റൗൾ ഹിമെനസ്, എ.സി മിലാൻ ഫോർവേഡായ സാൻഡി ഹിമെനസ്, 40 വയസ്സിനോടടുക്കുമ്പോഴും പ്രകടനത്തിൽ മാന്ത്രികത ഒളിപ്പിക്കുന്ന ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ, 17 വയസ്സുകാരനായ കൗമാര പ്രതിഭ ഗിൽബെർട്ടോ മോറ തുടങ്ങിയവർ സ്വന്തം മണ്ണിൽ മെക്സികോക്കായി ഇത്തവണ ചരിത്രം മാറ്റിയെഴുതുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.

Tags:    
News Summary - Mexican wave hitting Quinto Partido

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.