മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ കളിക്കും; നൂറ്റാണ്ടിന്റെ പോരാട്ടം, സ്വപ്നസംഗമം!

ബ്യൂണസ് ഐറീസ് : കാൽപ്പന്ത് കളിയാരാധകർ പതിറ്റാണ്ടുകളായി സ്വപ്നം കണ്ട ആ അപൂർവ്വ നിമിഷം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫുട്ബോൾ ലോകത്തെ സർവ്വകാല പ്രതിഭകളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരേ ടീമിൽ ഒന്നിച്ചു കളിക്കാൻ സമ്മതിച്ചു. അർജന്റീനിയൻ ക്ലബ്ബ് ബൊക്കാ ജൂനിയേഴ്സിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസ താരം കാര്‍ലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ഈ ചരിത്രസംഗമം നടക്കുക. 2026 ഡിസംബറിൽ ബ്യൂണസ് ഐറീസിലെ പ്രശസ്തമായ 'ലാ ബോംബൊനേറ' സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങളെ ഒരുമിച്ച് കളത്തിലിറക്കാൻ ഇരുവർക്കുമൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട അനുഭവസമ്പത്താണ് ടെവസിന് തുണയായത്. അർജന്റീന ദേശീയ ടീമിൽ മെസ്സിക്കൊപ്പവും മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയ്ക്കൊപ്പവും ടെവസ് ദീർഘകാലം കളിച്ചിട്ടുണ്ട്.

മത്സരത്തിനായി ഇരുതാരങ്ങളുടെയും സമ്മതം താൻ വാങ്ങിയതായി ടെവസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അസാധാരണമായ അനുഭവമായിരിക്കും ഈ മത്സരമെന്ന് ടെവസ് കൂട്ടിച്ചേർത്തു.

"ക്രിസ്റ്റ്യാനോയും ലീയോയും ഒരു ടീമിൽ കളിക്കുന്നത് കാണുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇരുവരും എക്കാലത്തെയും മികച്ച താരങ്ങളാണ്. ഞാൻ രണ്ടുപേരുമായും സംസാരിച്ചു, പ്രത്യേകിച്ചും ക്രിസ്റ്റ്യാനോയോട്. എന്റെ വിടവാങ്ങൽ മത്സരത്തിൽ മെസ്സിക്കൊപ്പം ഒരേ ടീമിൽ കളിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ലോകം മുഴുവൻ ആ മാജിക് ഒരൊറ്റ തവണയെങ്കിലും കാണട്ടെ എന്ന് കരുതി," ടെവസ് പറഞ്ഞു.

തന്റെ അഭ്യർത്ഥന കേട്ടയുടൻ തന്നെ റൊണാൾഡോ വരാമെന്ന് സമ്മതിച്ചെന്നും, മെസ്സിയെ കാര്യങ്ങൾ ധരിപ്പിക്കുക വളരെ എളുപ്പമായിരുന്നുവെന്നും ടെവസ് വ്യക്തമാക്കി. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാൽപ്പന്ത് വിരുന്നിനായി കാത്തിരിക്കുകയാണ് ഇപ്പോൾ കായിക ലോകം.

Tags:    
News Summary - Lionel Messi and Cristiano Ronaldo to Play Together in Carlos Tevez Farewell Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.