ബ്ലാസ്റ്റേഴ്സ് ഹോം മാച്ച്; വാടക കുത്തനെ കൂട്ടി ജി.സി.ഡി.എ
കൊച്ചി: ഏറെ പ്രതീക്ഷകളോടെ ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ ഈ സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തലവേദനയായി ജി.സി.ഡി.എ തീരുമാനം. ഹോം മാച്ചുകളുടെ വാടക നിരക്ക് ഇരട്ടിയിലേറെ സ്റ്റേഡിയം ഉടമകളായ ജി.സിഡി.എ കൂട്ടിയതാണ് പുതിയ മാനേജ്മെൻറിന് തിരിച്ചടിയായത്.
മുൻ സീസണുകളിൽ ഓരോ മാച്ചിനും മൂന്നര ലക്ഷം രൂപ നൽകിയിടത്ത് ഇത്തവണ ഓരോ ഹോം മാച്ചിനും ഒമ്പതു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഇരുകൂട്ടരും ചർച്ച ചെയ്ത് വാടക തുകയിൽ ധാരണയിലെത്തിയിട്ടുണ്ട്. ജി.സി.ഡി.എ ആവശ്യപ്പെട്ടത്ര നൽകാനാവില്ലെങ്കിലും ഏകദേശം അതിനോട് ചേർന്ന തുക നൽകാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ വാടക കരാറിലെത്തും. എന്നാൽ മാത്രമേ, ഹോം മാച്ചുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ കെ.ബി.എഫ്.സിക്ക് സാധിക്കുകയുള്ളൂ.
ഞായറാഴ്ച വൈകീട്ട് 7.30ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് മഞ്ഞപ്പട സ്വന്തം തട്ടകത്തിലിറങ്ങുക. സീസണിൽ ഇതുവരെ നടന്ന രണ്ടു മത്സരങ്ങളിൽ ആദ്യത്തേതിൽ ജയവും രണ്ടാമത്തേതിൽ ദയനീയ പരാജയവുമാണ് സമ്പാദ്യം. സ്വന്തം തട്ടകമായതിനാലും ‘പുത്തൻ’ ടീമായതിനാലും ജയിക്കേണ്ടത് അനിവാര്യമാണ്.
പുതിയ ഉടമകൾ നേരിട്ടെത്തും
പുതിയ മാനേജ്മെൻറിന് കീഴിൽ കളിയാരംഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നേരിട്ടു കാണാൻ ഉടമകൾ ഇത്തവണ നേരിട്ടെത്തും. യു.എ.ഇ ആസ്ഥാനമായ സ്പോർട്സ്, സ്പോർട്സ്-ടെക് കൺസോർഷ്യമായ അൽ ഫുർസാനാണ് പുതിയ ഉടമകൾ. ഞായറാഴ്ച മത്സരം വീക്ഷിക്കാൻ വി.വി.ഐ.പി ബോക്സിലുണ്ടാവുക അൽ ഫുർസാൻ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന ശൈഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമി, അൽ ഫുർസാൻ ഡയറക്ടറും അഹമ്മദ് ബിൻ ഫൈസലിന്റെ പ്രൈവറ്റ് ഓഫിസ് സി.ഇ.ഒയും മലയാളിയുമായ ഡോ. ഡൺസ്റ്റൺ പെരേര തുടങ്ങിയവർ സംഘത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.