അർജന്റീനയും സ്‌പെയിനും തമ്മിലുള്ള 2026 ഫിഫ ലോകകപ്പ് സ്വപ്‌ന ഫൈനലിനായി കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. തിങ്കളാഴ്ച പുലർച്ചെ 12:30-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം കേവലമൊരു കിരീടപ്പോരാട്ടം മാത്രമല്ല, ചരിത്രം തിരുത്തിക്കുറിക്കാനുള്ള വലിയൊരു അവസരം കൂടിയാണ്. ലാമിൻ യമാലിന്റെ സ്പാനിഷ് പടയെ മറികടന്ന് കിരീടം നിലനിർത്താനായാൽ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന മൂന്നാമത്തെ മാത്രം രാജ്യമായി അർജന്റീന മാറും.
ലോകകപ്പിന്റെ നാൾവഴികളിൽ ഇതുവരെ ഇറ്റലിയും (1934, 1938) ബ്രസീലും (1958, 1962) മാത്രമാണ് തുടർച്ചയായി രണ്ട് തവണ കിരീടം നേടിയിട്ടുള്ളത്. എന്നാൽ അർജന്റീന ആരാധകരെ അൽപ്പം ഭയപ്പെടുത്തുന്ന മറ്റൊരു കണക്കും ചരിത്രത്തിലുണ്ട്. 1986-ൽ ലോകകിരീടം നേടിയ അർജന്റീന, തൊട്ടടുത്ത 1990 ലോകകപ്പിൽ വീണ്ടും ഫൈനലിലെത്തിയെങ്കിലും ജർമനിയോട് പരാജയപ്പെടുകയായിരുന്നു. ഇതേ ദുർവിധി ബ്രസീലിനും (1994-ൽ ജയം, 1998-ൽ തോൽവി), ഫ്രാൻസിനും (2018-ൽ ജയം, 2022-ൽ തോൽവി) നേരിട്ടിട്ടുണ്ട്. നെതർലൻഡ്‌സും (1974, 1978) പശ്ചിമ ജർമനിയും (1982, 1986) തുടർച്ചയായ രണ്ട് ഫൈനലുകളിൽ പരാജയം രുചിച്ചിട്ടുള്ളവരാണ്.
ഈ ലോകകപ്പ് ഫൈനൽ ലയണൽ മെസ്സിയെ സംബന്ധിച്ച് മറ്റൊരു നിർണായക നാഴികക്കല്ലാണ്. ലോകകപ്പിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ബാലൺ ഡി ഓർ പുരസ്കാരം നേടുന്ന അപൂർവ്വം താരങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് വീണ്ടും അവസരമൊരുങ്ങുകയാണ്. 2006-ൽ ലോകകപ്പ് കിരീടം നേടിയ ഇറ്റലിയുടെ പ്രതിരോധ താരം ഫാബിയോ കന്നവാരോ ഈ നേട്ടം കൈവരിച്ചിരുന്നു. ഖത്തറിലെ കിരീടനേട്ടമാണ് 2022-ൽ മെസ്സിക്ക് അവസാനമായി ബാലൺ ഡി ഓർ നേടിക്കൊടുത്തത്.
നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി കളിച്ച് കഴിഞ്ഞ സീസണിൽ എം.എൽ.എസ് കിരീടം നേടിയ മെസ്സി, ഈ ലോകകപ്പിൽ ഇതിനകം 8 ഗോളുകളും 4 അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ്. ലോകകപ്പ് കൂടി നേടാനായാൽ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എട്ടാമതൊരു ബാലൺ ഡി ഓർ കൂടി എത്തിയേക്കാം.
യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത് ഇതാദ്യമായാണ്. സ്പാനിഷ് കോട്ട കാക്കുന്ന അചഞ്ചലമായ പ്രതിരോധവും, തുടർച്ചയായ 37 മത്സരങ്ങളിലെ അപരാജിത കുതിപ്പും അർജന്റീനയ്ക്ക് കനത്ത വെല്ലുവിളിയാകും. ലോകകപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസ്സിയുടെ അനുഭവസമ്പത്തും യമാലിന്റെ വേഗതയും തമ്മിലുള്ള ഈ പോരാട്ടം ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.