ബ്രസീൽ സൂപ്പർതാരം നെയ്മറുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി റയൽ മാഡ്രിഡിന്‍റെ ഫ്രാൻസ് സൂപ്പർതാരം കിലിയൻ എംബാപ്പെ. ഇരുവരും പി.എസ്.ജിയിൽ കളിച്ചുകൊണ്ടിരുന്ന കാലത്ത് ടീമിലെത്തിയ ഇതിഹാസ താരം ലയണൽ മെസ്സിയോട് എംബാപ്പെക്ക് അസൂയ തോന്നി എന്നായിരുന്നു നെയ്മർ പറഞ്ഞത്.
ഇതിന് പ്രതികരണവുമായാണ് റയൽ സ്ട്രൈക്കർ എത്തിയിരിക്കുന്നത്. ടീമിലുണ്ടായിരുന്ന ഈഗോ പ്രശ്നങ്ങൾ പ്രതികൂലമായി ബാധിച്ചെന്നും നെയ്മർ പറഞ്ഞിരുന്നു. 'ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല എന്നതാണ് സത്യം. ഞാന്‍ ഇപ്പോള്‍ റയല്‍ മാഡ്രിഡില്‍ എനിക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
എനിക്ക് നെയ്മറോട് ഒരുപാട് ബഹുമാനമുണ്ട്. നെയ്മറെ കുറിച്ച് എനിക്ക് വേണമെങ്കിൽ പലതവണ സംസാരിക്കാമായിരുന്നു. പക്ഷേ നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അതുല്യനായ കളിക്കാരനാണ് നെയ്മര്‍. ഞങ്ങള്‍ പാരീസില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ മാഡ്രിഡിലാണ്, എനിക്ക് മാഡ്രിഡ് ആസ്വദിക്കണം. നെയ്മറിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍', എംബാപ്പെ പറഞ്ഞു.
2017ൽ എംബാപ്പെ മൊണാക്കോയിൽ നിന്നും നെയ്മർ ബാഴ്സലോണയിൽ നിന്നുമാണ് പി.എസ്.ജിയിലെത്തുന്നത്. പിന്നാലെ 2021ൽ മെസ്സിയും ബാഴ്സലോണ വിട്ട് പി.എസ്.ജിക്കൊപ്പം ചേർന്നു.
എംബാപ്പയെ കുറിച്ച് നെയ്മർ പറഞ്ഞത്
'ഇല്ല, അവൻ അങ്ങനെയല്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ചെറിയ രീതിയിൽ വഴക്കിട്ടിട്ടുമുണ്ട്. പക്ഷേ അവൻ്റെ ടീമിലെ സാന്നിധ്യം മുതൽക്കൂട്ടായിരുന്നു. ഞാൻ പതിവായി അവനെ ഗോൾഡൻ ബോയ് (എംബാപ്പെ) എന്നാണ് വിളിച്ചത്. ഞാൻ എപ്പോഴും അവനോടൊപ്പം കളിച്ചു, അവൻ മികച്ച താരമാകുമെന്ന് എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തോട് പതിവായി സംസാരിച്ചു, ആവശ്യമുള്ളപ്പോഴെല്ലാം സഹായിച്ചു. താമസ സ്ഥലത്തേക്ക് പോകുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു' -നെയ്‌മർ പറഞ്ഞു.
വർഷങ്ങളോളം നല്ല ബന്ധത്തിലായിരുന്നു, പക്ഷേ മെസ്സി വന്നതിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. എംബാപ്പെക്ക് അസൂയയുണ്ടായിരുന്നു. താൻ മറ്റുള്ളവർക്കൊപ്പം സൗഹൃദം പങ്കിടുന്നത് എംബാപ്പെക്ക് ഇഷ്ടമല്ലായിരുന്നു. ഇതിൻ്റെ പേരിൽ പലപ്പോഴും വഴക്കുണ്ടായി. അവൻ്റെ പെരുമാറ്റത്തിലും മാറ്റം വന്നെന്നും നെയ്‌മർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.