വെള്ളിയാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പിനായി നിറഞ്ഞുകവിഞ്ഞ ഗാലറി

സ്വർണക്കൂട് നിറഞ്ഞ് കളിയാവേശം

ദോഹ: ഒരു പെരുന്നാൾ പുലരിയിലേക്കായിരുന്നു ഖത്തറിൽ വെള്ളിയാഴ്ച ഉണർന്നത്. എവിടെയും ലുസൈൽ സൂപ്പർ കപ്പിന്റെ ഒരുക്കം. അതിർത്തി കടന്ന് സൗദിയിൽനിന്നും ഈജിപ്തിൽനിന്നുമെല്ലാം ഒഴുകിയെത്തിയ കാണികൾ സായാഹ്നത്തിലെ ആവേശപ്പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പായി. ലോകകപ്പിനു മുന്നോടിയായ വമ്പൻ പോരാട്ടമെന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മാധ്യമപ്രവർത്തകർ. റോഡുകളിലെല്ലാം തകൃതിയായ ഗതാഗത ക്രമീകരണങ്ങൾ. ഉച്ചതിരിഞ്ഞതിനു പിന്നാലെ ഖത്തറിലെ കായികപ്രേമികളൊന്നാകെ ലുസൈലിലേക്ക് ഒഴുകിത്തുടങ്ങി.

ഉദ്​ഘാടന ചടങ്ങിൽ ഈജിപ്​ഷ്യൻ ഗായകൻ അംറ്​ ദിയാബ്​ ഗാനമാലപിക്കുന്നു

ജനസാഗരമായി ലുസൈൽ

രണ്ടര മാസത്തിനപ്പുറം അരങ്ങേറുന്ന വിശ്വമാമാങ്കത്തിന് അവസാനവട്ട തയാറെടുപ്പിലായിരുന്നു ലുസൈൽ. വൈകീട്ട് 4.30ഓടെ തുറന്നിട്ട സ്റ്റേഡിയ കവാടങ്ങളിലേക്ക് ജനസാഗരമൊഴുകി. ഹയാ കാർഡ് ഉടമകൾക്ക് പ്രത്യേക ഗേറ്റുകൾ ഒരുക്കി മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനം. സ്റ്റേഷനുള്ളിൽ വഴിയൊരുക്കാൻ വളന്റിയർമാർ. ഉച്ചക്കുശേഷം മൂന്നുമുതൽ തന്നെ െട്രയിനുകളിലും തിരക്കായി തുടങ്ങിയിരുന്നു. അതേസമയം തന്നെ സെൻട്രൽ ദോഹയിൽ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കി റോഡിലെയും തിരക്കുകൾ കുറച്ചു. ലുസൈൽ ക്യു.എൻ.ബി മെട്രോ സ്റ്റേഷനിൽ ഓരോ ട്രെയിനുമെത്തിയത് ആയിരങ്ങളുമായി. ഒരു നിമിഷംപോലും ആൾസഞ്ചാരം തടസ്സപ്പെടാതെ സ്റ്റേഷന് പുറത്തേക്കുള്ള യാത്ര ക്രമീകരിച്ച് സുരക്ഷ ഉദ്യോഗസ്ഥരും വളന്റിയർമാരും സേവനസജ്ജരായി.

മണിക്കൂറുകൾക്ക് മുമ്പുതന്നെ സ്റ്റേഡിയം ഇരിപ്പിടങ്ങളിലേക്ക് കാണികൾക്ക് പ്രവേശനം നൽകിയതോടെ ലുസൈൽ സ്റ്റേഡിയത്തിന്റെ പടവുകൾ അഞ്ചുമണിയോടെ നിറഞ്ഞുതുടങ്ങി. ചടങ്ങുകൾ ആരംഭിക്കും മുമ്പേ 80,000 പേരുടെ ഇരിപ്പിടങ്ങൾ ആരാധക ആവേശത്തിൽ ഇളകിമറിഞ്ഞു. 7.30നായിരുന്നു ആരാധകർ കാത്തിരുന്ന അറബ് ഗായകൻ അംറ് ദിയാബിന്റെ വരവ്. പിന്നെ ഒരു മണിക്കൂർ സംഗീതവിസ്മയം. ഒമ്പത് മണിക്കായിരുന്നു ഈജിപ്ഷ്യൻ ചാമ്പ്യൻ ക്ലബ് സമാലക് എസ്.സിയും സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും തമ്മിലെ ലുസൈൽ സൂപ്പർ കപ്പ് പോരാട്ടം.

Tags:    
News Summary - Lucille is gearing up for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.