ലണ്ടൻ: മുൻനിര ടീമുകൾ ഒന്നിച്ച് അങ്കം കുറിച്ച ദിനത്തിൽ ചാമ്പ്യന്മാരായ ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയപ്പോൾ ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യുകാസിൽ ടീമുകൾ. ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ ബൂട്ടുകെട്ടിയ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയരെ കെട്ടുകെട്ടിച്ചു.
ഇൽകെയ് ഗുണ്ടൊഗൻ, എർലിങ് ഹാലൻഡ് എന്നിവർ വല കുലുക്കി. സതാംപ്ടന്റെ കളിമുറ്റത്തിറങ്ങിയ ആഴ്സനൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. കീറൻ ടിയർനി, ഒഡിഗാർഡ് എന്നിവർ ഗണ്ണേഴ്സിനായും റോസ് സ്റ്റുവർട്ട് സതാംപ്ടണു വേണ്ടിയും വല കുലുക്കി. അദ്ഭുതങ്ങൾ പ്രതീക്ഷിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് ചെൽസിയോട് എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റപ്പോൾ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു.
ഒമ്പതാം മിനിറ്റിൽ ഗോളടിച്ച് മുന്നിൽ കയറിയ പാലസിനെതിരെ 84ാം മിനിറ്റു വരെ കാത്തിരുന്നാണ് സലാഹ് ഗോൾ മടക്കി സമനില പിടിച്ചത്. ഇതോടെ സീസണിൽ സലാഹിന് ഗോൾ സമ്പാദ്യം 29 ആയി.
ബോൺമൗത്ത് 2-0ന് ലെസ്റ്ററിനെയും ബ്രൈറ്റൺ 4-1ന് ടോട്ടൻഹാമിനെയും വെസ്റ്റ് ഹാം 3-1ന് ഇപ്സ്വിച്ച് ടൗണിനെയും വീഴ്ത്തി. ആദ്യ അഞ്ചിൽ ഇടം പ്രതീക്ഷിച്ചെത്തിയ ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റർ യുനൈറ്റഡിനു മുന്നിൽ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.