പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

മെസ്സി ഇന്ത്യയിലെത്തി ക്രിക്കറ്റ് കളിക്കുന്നു, കോഹ്‍ലിക്കും ധോണിക്കുമൊപ്പം; മത്സരം വാംഖഡേ സ്റ്റേഡിയത്തിൽ

മുംബൈ: കാൽപ്പന്തു കളിയുടെ മിശിഹായായ ലയണൽ മെസ്സിയെ മറ്റൊരു കായികയിനത്തിൽ സങ്കൽപ്പിക്കാൻ പോലും ഫുട്ബാൾ ആരാധകർക്കാകില്ല. എന്നാൽ അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബർ -ഡിസംബർ സീസണിൽ ഇന്ത്യയിലെത്തുമെന്ന് നേരത്തെ അർജന്‍റീന ഫുട്ബാൾ ടീം അറിയിച്ചിരുന്നെങ്കിലും എവിടെയൊക്കെയാകും എത്തുകയെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് മെസ്സിയുടെ സന്ദർശനം ഉറപ്പിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) രംഗത്തെത്തിയത്.

ഡിസംബർ 14ന് മുംബൈയിൽ എത്തുന്ന മെസ്സി മുൻതാരങ്ങൾക്കും നിലവിലെ താരങ്ങൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ചേക്കുമെന്ന് എം.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഷെഡ്യൂൾ അന്തിമമായിട്ടില്ലെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തുമെന്നും മുംബൈക്ക് പുറമെ കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളും താരം സന്ദർശിക്കുമെന്നും മുംബൈ എഫ്.സിയുടെ ട്വീറ്റും വന്നിട്ടുണ്ട്.

റിപ്പോർട്ട് ശരിയെങ്കിൽ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലിക്കും എം.എസ്. ധോണിക്കുമെതിരെ മെസ്സി പാഡണിയും. ഏഴുപേരടങ്ങുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രോഹിത് ശർമയും സചിൻ തെൻഡുൽറും ഉൾപ്പെടെയുള്ളവരും അന്നേദിവസം വാംഖഡെയിൽ എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011നു ശേഷം ആദ്യമായാണ് മെസ്സി ഇന്ത്യയിലേക്ക് വരുന്നത്. 14 വർഷം മുമ്പ് കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്‍റീന സൗഹൃദ മത്സരം കളിച്ചിരുന്നു.

നേരത്തെ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

Tags:    
News Summary - Lionel Messi Likely To Play Cricket Match With Virat Kohli & MS Dhoni At Mumbai's Wankhede Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.