മെസ്സി വന്നപ്പോൾ എംബാപ്പെക്ക് കട്ട അസൂയ! പി.എസ്.ജിയിലെ അനുഭവം പങ്കുവെച്ച് നെയ്മർ

അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി പി.എസ്.ജിയിലേക്ക് വന്നപ്പോൾ ക്ലബിലെ ഫ്രഞ്ച് സഹതാരം കിലിയൻ എംബാപ്പെക്ക് അസൂയ തോന്നിയതായി ബ്രസീൽ താരം നെയ്മർ.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് നെയ്മറിന്‍റെ വെളിപ്പെടുത്തൽ. 2021 ആഗസ്റ്റിലാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട് മെസ്സി പി.എസ്.ജിക്കൊപ്പം ചേരുന്നത്. അന്ന് നെയ്മറും എംബാപ്പെയും അവിടെ സഹതാരമായിരുന്നു. മെസ്സി ടീമിനൊപ്പം ചേർന്നതിനു പിന്നാലെ എംബാപ്പെക്ക് അസൂയ തോന്നിയെന്നാണ് പോഡ്കാസ്റ്റില്‍ മുന്‍ ബ്രസീലിയന്‍ താരം റൊമാരിയോയുമായി സംസാരിക്കുന്നതിനിടെ സൗദി ക്ലബ് അല്‍-ഹിലാലിന്റെ കളിക്കാരന്‍ കൂടിയ നെയ്മര്‍ വെളിപ്പെടുത്തിയത്.

പ്രധാനപ്പെട്ട മത്സരങ്ങളില്‍ താരങ്ങളുടെ ഈഗോ പി.എസ്.ജിയുടെ പ്രകടനത്തെ ബാധിച്ചതായും ബ്രസീൽ താരം തുറന്നുപറഞ്ഞു. ‘ഇല്ല, അവന്‍ അങ്ങനെയല്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ചെറിയ രീതിയിൽ വഴക്കിട്ടിട്ടുമുണ്ട്. പക്ഷേ അവന്‍റെ ടീമിലെ സാന്നിധ്യം മുതല്‍ക്കൂട്ടായിരുന്നു. ഞാന്‍ പതിവായി അവനെ ഗോള്‍ഡന്‍ ബോയ് (എംബാപ്പെ) എന്നാണ് വിളിച്ചത്. ഞാന്‍ എപ്പോഴും അവനോടൊപ്പം കളിച്ചു, അവന്‍ മികച്ച താരമാകുമെന്ന് എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തോട് പതിവായി സംസാരിച്ചു, ആവശ്യമുള്ളപ്പോഴെല്ലാം സഹായിച്ചു. താമസ സ്ഥലത്തേക്ക് പോകുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു’ -നെയ്മർ പറഞ്ഞു.

വര്‍ഷങ്ങളോളം നല്ല ബന്ധത്തിലായിരുന്നു, പക്ഷേ മെസ്സി വന്നതിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. എംബാപ്പെക്ക് അസൂയയുണ്ടായിരുന്നു. താൻ മറ്റുള്ളവർക്കൊപ്പം സൗഹൃദം പങ്കിടുന്നത് എംബാപ്പെക്ക് ഇഷ്ടമല്ലായിരുന്നു. ഇതിന്‍റെ പേരിൽ പലപ്പോഴും വഴക്കുണ്ടായി. അവന്റെ പെരുമാറ്റത്തിലും മാറ്റം വന്നെന്നും നെയ്മർ കൂട്ടിച്ചേർത്തു.

2017ലാണ് മൊണാക്കോയില്‍നിന്ന് എംബാപ്പെ പി.എസ്.ജിയില്‍ ചേര്‍ന്നത്. അതേ വര്‍ഷം തന്നെയാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബിലെത്തുന്നതും. ഫുട്‌ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അത്. ‘ഈഗോ ഉണ്ടായിരിക്കുന്നത് നല്ലതാണ്, പക്ഷേ നിങ്ങള്‍ ഒറ്റക്കല്ല കളിക്കുന്നത് എന്ന് ഓർക്കണം. വലിയ ഈഗോകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു, പക്ഷേ അത് ആര്‍ക്കും ഗുണം ചെയ്യില്ല’ - നെയ്മര്‍ കൂട്ടിച്ചേർത്തു.

ടീമിലെ മറ്റു താരങ്ങളുടെ സഹായമില്ലാതെ ഒന്നും നേടുക അസാധ്യമാണെന്നും നെയ്മർ വ്യക്തമാക്കി. നെയ്മറിന്റെ അഭിപ്രായങ്ങളോട് എംബാപ്പെയോ മെസ്സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സൗദി ക്ലബുമായുള്ള കരാർ ഈ വർഷാവസാനം തീരുന്നതോടെ ബ്രസീലിലേക്ക് തന്നെ മടങ്ങിപോകാനുള്ള സാധ്യതയും താരം പങ്കുവെച്ചു.

Tags:    
News Summary - Lionel Messi came, Kylian Mbappé was a little jealous' -Neymar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.