കളിക്കിടെ എതിർ ഗോളിയുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം
മഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബാൾ താരം ജീസസ് ഡി മിഗ്വൽ അന്തരിച്ചു. കഴിഞ്ഞ ദിവസം എഫ്.സി അൻഡോറക്കെതിരായ മത്സരത്തിൽ എതിർ ഗോളിയുമായി കൂട്ടിയിടിച്ച് ടെനറിഫെ ടീം സ്ട്രൈക്കറായ ഡി മിഗ്വലാണ് വിടവാങ്ങിയത്. 30 വയസ്സായിരുന്നു. അവസാന മിനിറ്റുകളിൽ സ്കോർ 2-2ൽ നിൽക്കെ പന്ത് രക്ഷപ്പെടുത്താൻ ഉയർന്നു ചാടിയ അൻഡോറ കീപ്പർ ജീസസ് ഒവോനയുടെ കൈ നെഞ്ചിലിടിച്ചാണ് പരിക്കേറ്റത്. അതിഗുരുതരാവസ്ഥയിലായ താരത്തിന് പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം വന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. മത്സരം നിർത്തിവെക്കുകയും ഒവോനയെ പുറത്താക്കുകയും ചെയ്തിരുന്നു.
ലെഗാനസ് ടീം യൂത്ത് ടീമിൽ കളി തുടങ്ങിയ ഡി മിഗ്വൽ ടീമിന്റെ റിസർവ് നിരയിലാണ് ആദ്യമായി പ്രഫഷനൽ ഫുട്ബാൾ കളി തുടങ്ങിയത്. രണ്ട് വർഷം മുമ്പ് കാസ്റ്റലോണിലെത്തി. കഴിഞ്ഞ സീസണിൽ മൂന്നു വർഷത്തെ കരാറിൽ ടെനറിഫെയിലേക്ക് കൂടുമാറിയ ഡി മിഗ്വലിന്റെ മികവിലാണ് ടീം രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ഉറപ്പാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.