റിയാസ് ആലത്തിയൂർ
ഒന്നുമില്ലായ്മയിലേക്ക് എല്ലാമായൊരാൾ
കോഴിക്കോട്: പ്രതിഭയും കണ്ണീരും പ്രതീക്ഷകളും മാറ്റുരച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ കർട്ടൻ വീഴുമ്പോൾ, കേരളത്തിന്റെ കായികഭൂപടത്തിൽ ഒരു ചെറിയ ഗ്രാമത്തിന്റെ പേര് സുവർണലിപികളിൽ എഴുതപ്പെട്ടിരിക്കുകയാണ്, ആലത്തിയൂർ. വലിയ വലിയ കോർപറേറ്റ് സ്കൂളുകളും അത്യാധുനിക ട്രാക്കുകളും ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടുകളുള്ള വമ്പന്മാരും വാഴുന്നിടത്ത്, രണ്ടാം സ്ഥാനത്തിന്റെ തിളക്കമുള്ള ട്രോഫിയുമായി ആ മനുഷ്യൻ വേദിയിൽ വിതുമ്പിക്കരഞ്ഞു. ഒപ്പം തന്റെ പ്രിയപ്പെട്ട മക്കളും. ആ കണ്ണീരിന് കഷ്ടപ്പാടിന്റെയും ഏഴുവർഷത്തെ ഉറക്കമൊഴിഞ്ഞ രാവുകളുടെയും പൊള്ളുന്ന യാഥാർഥ്യമുണ്ടായിരുന്നു. അതാണ് തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ റിയാസ് എന്ന പരിശീലകൻ!
പരിമിതികളുടെ അതിരുകൾ ഭേദിച്ച്... വെറും അമ്പത് മീറ്റർ നീളം പോലുമില്ലാത്ത, പേരിനുപോലും ഒരു ഗ്രൗണ്ടില്ലാത്ത സ്കൂളിൽ നിന്നാണ് ആലത്തിയൂരിന്റെ ഈ കായികക്കുതിപ്പ്. അത്യാധുനിക എക്യുപ്മെന്റുകളോ ജിംനേഷ്യം സംവിധാനങ്ങളോ പോലുമില്ലാത്ത അവസ്ഥയിലാണ് ഇവരുടെ സൗകര്യങ്ങൾ. ഹൈജംപ് പ്രാക്ടീസ് ചെയ്യാൻ സ്വന്തമായി ബെഡ് പോലുമില്ലാതെ, സംസ്ഥാന ചാമ്പ്യന്മാരായ കടകശ്ശേരി ഐഡിയൽ സ്കൂൾ കാരുണ്യത്തോടെ തന്ന, പിന്നീട് കേടായിപ്പോയ ഒരു പഴയ ബെഡിലായിരുന്നു പരിശീലനം. പോൾ വാൾട്ടിൽ വെള്ളി മെഡൽ വെട്ടിപ്പിടിക്കാൻ രണ്ടു വർഷം മുമ്പ് ഒരു അമേരിക്കൻ മലയാളി സമ്മാനിച്ച ഒരൊറ്റ പോളാണ് ഇവരുടെ ആകെ സമ്പാദ്യം. അതിൽ പ്രാക്ടീസ് ചെയ്യാൻ പോലും ആഴ്ചയിലൊരിക്കൽ ജില്ലവിട്ട് ചാത്തന്നൂർ സ്കൂളിലേക്ക് വണ്ടി കയറേണ്ടിവരുന്ന പാവങ്ങൾ. കിലോമീറ്റർ അടയാളപ്പെടുത്തിവെച്ച ടാർ റോഡിലൂടെ നടന്ന് പരിശീലിച്ചാണ് ഈ കൊച്ചുകൂട്ടുകാർ നടത്തത്തിൽ രണ്ട് സ്വർണം നേടി നാടിന്റെ അഭിമാനമായത്.
റിയാസ് ഒറ്റയാൾ പട്ടാളം
സബ്ജില്ലയിൽ പോലും മേൽവിലാസമില്ലാതിരുന്ന ഒരു സ്കൂളിലേക്ക് ഏഴുവർഷം മുമ്പ് നാട്ടുകാരൻ റിയാസ് എത്തുമ്പോഴാണ് ആലത്തിയൂരിന്റെ ചരിത്രം മാറുന്നത്. വലിയ സ്കൂളുകൾ ഓരോ ഇനത്തിനും പ്രത്യേക കോച്ചുകളെ വെക്കുമ്പോൾ, ട്രാക്കിലും ഫീൽഡിലുമെല്ലാം ഒരുപോലെ മെഡലുകൾ വിളയിച്ചെടുത്ത ഈ നേട്ടത്തിന് പിന്നിൽ റിയാസ് എന്ന ഒറ്റ മനുഷ്യന്റെ കഠിനാധ്വാനമായിരുന്നു. നടത്തം, ഹാമർ ത്രോ, പോൾ വാൾട്ട്, ഷോർട്ട് പുട്ട്, ജാവലിൻ, ഹൈജംപ്, ട്രിപ്പിൾ ജംപ്, ഡിസ്കസ് ത്രോ തുടങ്ങി മത്സരിച്ച ഇനങ്ങളിലെല്ലാം ഇവർ മെഡലുകൾ വാരിക്കൂട്ടി. ഒപ്പം ഉറച്ച പിന്തുണയുമായി ഷാജിർ ആലത്തിയൂർ എന്ന സ്കൂളിലെ കായികാധ്യാപകനും. മാനേജ്മെന്റിന്റെ എല്ലാ പരിമിതികൾക്കിടയിലും കുട്ടികൾക്ക് മതിയായ പോഷകാഹാരം ഉറപ്പാക്കാൻ പോലുമാവാതെ ബുദ്ധിമുട്ടുമ്പോഴും, റിയാസ് തന്റെ സ്നേഹവും ആത്മസമർപ്പണവും കൊണ്ട് ആ കുറവുകളെല്ലാം മറികടന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻ സ്കൂൾ റണ്ണറപ്പായ തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് ടീം
ചരിത്രത്തിലേക്ക് ഒരു പടയോട്ടം
മുൻ വർഷങ്ങളിൽ ഏഴാമതും, തുടർന്ന് രണ്ടുതവണ ആറാമതുമായിരുന്ന ആലത്തിയൂർ സ്കൂൾ ഇത്തവണ നേടിയത് ചരിത്രപരമായ മുന്നേറ്റമാണ്. നാലു വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 വ്യക്തിഗത മെഡലുകളുൾപ്പെടെ ആകെ 12 മെഡലുകൾ വാരിക്കൂട്ടി അവർ സംസ്ഥാന തലത്തിൽ അവിസ്മരണീയമായ രണ്ടാം സ്ഥാനം സ്വന്തമാക്കി.
വിയർപ്പിൽ കുതിർന്ന പാരമ്പര്യം
നാവാമുകുന്ദ സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് സ്പോർട്സിനെ പ്രാണനായി കൊണ്ടുനടന്നവനാണ് റിയാസ്. 3000, 1500, 800 മീറ്ററുകളിൽ സംസ്ഥാന തലം വരെ ഓടിയെത്തിയെങ്കിലും അന്ന് മെഡലുകൾ അവനെ തുണച്ചില്ല. എന്നാൽ, തന്റെ സ്വപ്നം സ്വന്തം വിദ്യാർഥികളിലൂടെ സാക്ഷാത്കരിക്കാൻ അവൻ തീരുമാനിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായിരുന്ന അന്തരിച്ച അലിയുടെയും വീട്ടമ്മയായ ഖദീജയുടെയും മകനായി ജനിച്ച്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട ആ പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം ഈ വിജയം പടച്ചുയർത്തിയത്. ഭാര്യ സോഫിയയും മക്കളായ റഷ്ദയും റൈസയും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ പ്രാർഥനയും പിന്തുണയുമാണ് ഈ യാത്രയുടെ ഇന്ധനം. സമ്മാനദാന ചടങ്ങിനിടയിൽ ട്രോഫിയും നെഞ്ചോടുചേർത്ത് ആ മനുഷ്യൻ വേദിയിൽ വിതുമ്പിയപ്പോൾ, അത് ഒരു കായിക പരിശീലകന്റെ മാത്രം വിജയമായിരുന്നില്ല. പരിമിതികളോട് പടവെട്ടി ജയിച്ച ഒരു ജനതയുടെ മുഴുവൻ കണ്ണീർത്തുള്ളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.