ഇന്‍റർ മയാമി-ക്ലബ്ബ് അമേരിക്ക എന്നിവർ ഏറ്റുമുട്ടിയ മത്സരത്തിൽ ആരാധകർക്ക് നേരെ സൂപ്പർ താരം ലയണൽ മെസ്സി കാണിച്ച ആംഗ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ മെക്സിക്കൻ താരം അഡോൾഫോ ബാറ്റിസ്റ്റ. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുകയായിരുന്നു മയാമിയും ക്ലബ്ബ് അമേരിക്കയും. ഈ വർഷത്തെ ലയണൽ മെസ്സിയുടെ ആദ്യ മത്സരമാണിത്.
നിശ്ചിത സമയത്ത് 2-2 എന്ന സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് മയാമി ജയിച്ചുകയറി. മത്സരത്തിന്‍റെ 34ാം മിനിറ്റിൽ മെസ്സി ഗോൾ നേടിയിരുന്നു. അതിന് ശേഷമാണ് മെസ്സിയുടെ വിവാദ ആംഗ്യങ്ങൾ. മെക്സിക്കൻ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയുടെ ആരാധകർക്ക് നേരെയാണ് മെസ്സ ആംഗ്യങ്ങൾ കാണിച്ചത്.
ക്ലബ്ബ് അമേരിക്കയുടെ ആരാധകർ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു. ഇതിന് മറുപടിയെന്നോണം മെസ്സി കൈ വെച്ച് 'മൂന്ന്' എന്നുള്ള ആംഗ്യം കാണിച്ചു. അർജന്‍റീന നേടിയ ലോകകപ്പിന്‍റെ എണ്ണമാണ് മെസ്സി സൂചിപ്പിച്ചത്. തൊട്ടുപിന്നാലെ പൂജ്യമെന്നും മെസ്സി ആംഗ്യം കാണിച്ചു, മെക്സിക്കോക്ക് ലോകകപ്പ് ട്രോഫിയൊന്നുമില്ലെന്നാണ് മെസ്സി ഉയർത്തിക്കാട്ടിയത്. ഇതിന് മറുപടിയുമായാണ് മുൻ മെക്സിക്കാൻ താരം അഡോൾഫോ ബാറ്റിസ്റ്റ രംഗത്തെത്തിയത്. മെസ്സിക്ക് വിദ്യാഭ്യാസവും പ്രഫഷണലിസവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ നിങ്ങളെ ആരാധിക്കുന്നു, എന്നാൽ എന്‍റെ രാജ്യത്തിനെതിരെ നീ കാണിച്ചത് നിന്‍റെ പ്രഫഷണലിസമില്ലായ്മും വിദ്യഭ്യാസമില്ലായ്മയും ഉയർത്തിക്കാട്ടുന്നു,' ബാറ്റിസ്റ്റ കുറിച്ചു.
ബാറ്റിസ്റ്റയും മെസ്സിയും 2010 ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ മെക്സിക്കോയുടെ ഒരു ഗോളിനെതിരെ മൂന്ന് ഗോൾ നേടി അർജനീന വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.