‘ഒരു ജീവിതകാലത്തെ അന്വേഷണം, പക്ഷേ...’; ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ മെസ്സിയോട് എംബാപ്പെ...

ഖത്തർ ലോകകപ്പ് ഫൈനലിനെ ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഉൾപ്പെടെ തന്നെ പരിഹസിക്കുമ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ.

താരം നാട്ടിലെത്തി ഉടൻ തന്നെ പി.എസ്.ജി ക്ലബിനൊപ്പം ചേർന്ന് പരിശീലനവും ആരംഭിച്ചു. എന്നാൽ, കഴിഞ്ഞദിവസാണ് എംബാപ്പെ സഹതാരങ്ങളോട് മനസ്സ് തുറന്നത്. ഫൈനലിലെ തോൽവിക്കു പിന്നാലെ സഹതാരവും അർജന്‍റീനയുടെ നായകനുമായ ല‍യണൽ മെസ്സിയോട് എന്താണ് പറഞ്ഞതെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതിന് താരം നൽകിയ മറുപടി ഇതായിരുന്നു...

‘ലോകകപ്പ് ഫൈനലിന് ശേഷം ഞാൻ ലിയോയുമായി സംസാരിച്ചു. വിജയത്തിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹത്തിന് ഒരു ജീവിതകാലത്തെ അന്വേഷണമായിരുന്നു, എനിക്കും, പക്ഷേ ഞാൻ പരാജയപ്പെട്ടു, അതുകൊണ്ട് നിങ്ങൾ എപ്പോഴും ഒരു നല്ല കളിക്കാരനാകണം’ -എംബാപ്പെ പറഞ്ഞു.

ഖത്തർ ലോകകപ്പിലെ കലാശപ്പോരിൽ ഷൂട്ടൗട്ടിലൂടെയാണ് വിധി നിർണയിച്ചത്. ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മെസ്സിയും കൂട്ടരും നീണ്ട 36 വർഷത്തെ കാത്തിരിപ്പിനുശേഷം വിശ്വകിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മെസ്സി സ്വന്തമാക്കിയപ്പോൾ, ഫൈനലിലെ ഹാട്രിക്ക് നേട്ടത്തിനൊപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള സുവർണ പാദുകം എംബാപ്പെക്കായിരുന്നു.

ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ ലോകകപ്പിൽ എട്ടു ഗോളുകളാണ് എംബാപ്പെ നേടിയത്. ഏഴു ഗോളുകളുമായി മെസ്സി സ്കോറിങ്ങിൽ രണ്ടാമതെത്തി. 

Tags:    
News Summary - Kylian Mbappe explains what he told Lionel Messi after World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.