സസ്പെൻസിന് വിരാമം! ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയലിലേക്ക് തന്നെ; സീസണൊടുവിൽ സ്പാനിഷ് ക്ലബിനൊപ്പം ചേരും

മഡ്രിഡ്: ഒടുവിൽ തീരുമാനമായി, പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിൽ ചേരും. സീസണൊടുവിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താരം പി.എസ്.ജി വിട്ട് റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം മാസങ്ങളായി ഫുട്ബാൾ ലോകത്തുണ്ട്. 25കാരനായ എംബാപ്പെ പി.എസ്.ജിയുമായി കരാർ പുതുക്കിയിട്ടില്ല. 2023-24 സീസണൊടുവിൽ ഫ്രഞ്ച് ക്ലബുമായുള്ള കരാർ അവസാനിക്കുന്നതോടെ താരത്തിന് ഫ്രീ ഏജന്‍റായി തന്നെ ക്ലബ് വിടാനും മറ്റു ക്ലബുമായി കരാറിലെത്താനുമാകും. താരമോ, ക്ലബ് അധികൃതരോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച താരം ക്ലബ് വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തെ, വൻ തുക മുടക്കി ക്ലബിലെത്തിച്ച എംബാപ്പെയെ വെറും കൈയോടെ നഷ്ടപ്പെടുന്നത് തടയാൻ താരവുമായി പി.എസ്.ജി ഇടക്കാല കരാറിന് ശ്രമം നടത്തിയിരുന്നു. ഇടക്കാല കരാറിന് സമ്മതിച്ചില്ലെങ്കിൽ കളിപ്പിക്കില്ലെന്ന് പി.എസ്‌.ജി പ്രസിഡന്‍റ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒടുവിൽ താൽക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ചാണ് സീസണിൽ വീണ്ടും എംബാപ്പെ ക്ലബിനായി കളിക്കാനിറങ്ങിയത്. വര്‍ഷങ്ങളായി റയലിന്‍റെ റഡാറിലുള്ള താരമാണ് കിലിയൻ എംബാപ്പെ. റയലിലേക്ക് ചേക്കേറാനാണ് എംബാപ്പെയും വ്യക്തിപരമായി ആഗ്രഹിക്കുന്നത്. 2017ലാണ് വായ്പാടിസ്ഥാനത്തില്‍ മൊണോക്കോയില്‍നിന്ന് എംബാപ്പെ പി.എസ്.ജിയിലെത്തിയത്.

തൊട്ടടുത്ത വർഷം ക്ലബുമായി സ്ഥിരം കരാറിലെത്തി. 2022 മേയിൽ റയലുമായി കരാർ ഒപ്പിടാനുള്ള അവസാനഘട്ടത്തിലെത്തിയിരുന്നു. എന്നാൽ, ഒടുവിൽ താരം നാടകീയമായി പിന്മാറുകയും റെക്കോഡ് തുകക്ക് പി.എസ്.ജിയുമായി രണ്ടു വർഷത്തെ കരാർ പുതുക്കുകയും ചെയ്തു. പിന്നാലെ ഫ്രഞ്ച് ക്ലബ് എഫ്.എഫ്.പി നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലാ ലിഗ ക്ലബ് യുവേഫക്ക് പരാതി നൽകിയിരുന്നു.

എന്നാൽ, 2025 സീസൺ വരെ ക്ലബിൽ തുടരാനുള്ള കരാർ വ്യവസ്ഥ ഉപയോഗിക്കില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയതോടെയാണ് പി.എസ്.ജിയും താരവും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇതിനിടെ റെക്കോഡ് ട്രാൻസ്ഫർ തുകക്ക് സൗദി ക്ലബ് അൽ ഹിലാലേക്ക് ചേക്കാറാനുള്ള അവസരവും താരം നിരസിച്ചു. ഇതോടെ പി.എസ്.ജിയുടെ പ്രീ സീസൺ മത്സരങ്ങളിലും സീസണിലെ ആദ്യ മത്സരങ്ങളിലും താരത്തെ മാറ്റിനിർത്തിയിരുന്നു. ഒടുവിൽ പ്രശ്നം പറഞ്ഞുതീർത്താണ് ക്ലബിനായി കളിക്കാനിറങ്ങിയത്.

Tags:    
News Summary - Kylian Mbappé Reportedly Joining Real Madrid This Summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.