കെ.പി രാഹുൽ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും
കൊച്ചി: മലയാളി താരം രാഹുൽ കെ.പി കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. ഒഡിഷ എഫ്.സിയിലേക്കാണെന്നാണ് സൂചന. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയുടെ ഭാഗമായാണ് നീക്കം. കഴിഞ്ഞ ദിവസം പ്രതിരോധ താരം പ്രബീർ ദാസിനെ ലോൺ ഉടമ്പടിയിൽ മുംബൈ സിറ്റി എഫ്.സിയിലേക്ക് വിട്ടിരുന്നു. ഈ വർഷം മേയ് മാസത്തിൽ കരാർ അവസാനിക്കുന്ന പ്രബീർ ഇനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരവുണ്ടായേക്കില്ല. ഒഡിഷയെ കൂടാതെ ചെന്നൈയിൻ, ഹൈദരാബാദ് തുടങ്ങിയ ക്ലബുകളും അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച രാഹുലിനു വേണ്ടി രംഗത്തുണ്ട്.
ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് രാഹുൽ. എന്നാൽ, ടീം മാനേജ്മെന്റ് രാഹുലിന്റെ കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇതിനിടെ പ്രതിരോധ താരം പ്രീതം കോട്ടാൽ, അമാവിയ തുടങ്ങിയവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. പുതിയ പ്രതിരോധ താരങ്ങളെ എത്തിക്കാനുള്ള നീക്കവും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. ചെന്നൈയിൻ എഫ്.സി പ്രതിരോധ താരമായ ബികാശ് യുംനാൻ ബ്ലാസ്റ്റേഴ്സിലെത്തുമെന്നും സൂചനകൾ ഉണ്ട്.
നിലവിൽ മുഖ്യ പരിശീലകൻ ഇല്ലാതെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശ പരിശീലകൻ എത്താൻ വൈകുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഡിസംബർ 16നാണ് സ്വീഡിഷ് പരിശീലകനായിരുന്ന മൈക്ൾ സ്റ്റാറേയെ ക്ലബ് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.