'പിതാവ് യുദ്ധമുഖത്താണ്, ഓഫ് റോഡ് വാഹനം വാങ്ങാൻ സഹായം വേണം'; അഭ്യർഥനയുമായി ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർ താരം ഇവാൻ കലിയുഷ്നി സഹായാഭ്യർഥനയുമായി ആരാധകർക്ക് മുന്നിൽ. യുക്രെയ്ൻ താരമായ കലിയുഷ്നി, അവിടെ യുദ്ധമുഖത്തുള്ള പിതാവിന് വാഹനം വാങ്ങാൻ പണം സ്വരൂപിക്കുകയാണ്. യുക്രെയ്ൻ-റഷ്യ ഏറ്റുമുട്ടൽ രക്തരൂക്ഷിതമായി തുടരുന്നതിനിടെയാണ് സഹായത്തിനുള്ള അഭ്യർഥനയുമായി 24കാരനായ താരം സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

'സൈനിക സഹായിയും ഗണ്ണർ ഡ്രൈവറുമായ എന്‍റെ പിതാവ് യുക്രെയ്നിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന ബാക്മുത് മേഖലയിലാണുള്ളത്. സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുകയും, മുറിവേറ്റവരെ കൊണ്ടുപോവുകയും മെഡിക്കൽ സംഘത്തെ എത്തിക്കുകയും ചെയ്യുകയാണ്. ഇപ്പോൾ, മോശം കാലാവസ്ഥയിലൂടെ സഞ്ചരിക്കുന്നതിന് ഒരു ഓഫ്-റോഡ് വാഹനം അത്യാവശ്യമായി വന്നിരിക്കുന്നു. നിങ്ങളുടെ ഏതൊരു സംഭാവനയും വിലപ്പെട്ടതാണ്' -കലിയുഷ്നി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സംഭാവനകൾ അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്. റഷ്യ ഒരു ഭീകരവാദരാഷ്ട്രമാണ് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. യുദ്ധമേഖലയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

യുക്രെയ്നിയൻ പ്രീമിയർ ലീഗ് ക്ലബായ ഒലെക്സാൻഡ്രിയയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് കലിയുഷ്നി. ആദ്യ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഏഴ് മിനിറ്റിനിടെ രണ്ട് ഗോളുകളടിച്ച് താരം ആരാധകരുടെ പ്രശംസ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മിന്നുന്ന പ്രകടനമാണ് മഞ്ഞക്കുപ്പായത്തിൽ കലിയുഷ്നിയുടേത്.

യുക്രൈനിലെ ഖാര്‍കിവ് ഒബ്ലാസ്റ്റിലെ സോളോകീവ് റായിയോണില്‍ 1998 ജനുവരി 21 നാണ് ഇവാന്റെ ജനനം. ഏഴാം വയസ്സുതൊട്ട് ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്ന ഇവാന്‍ ആദ്യമായി പന്തുതട്ടിയത് ആഴ്‌സനല്‍ ഖാര്‍കിവിനുവേണ്ടിയാണ്. 2005 മുതല്‍ 2008 വരെ താരം ആഴ്‌സനലിനുവേണ്ടി കളിച്ചു. ശേഷം 2008 മുതല്‍ 2015 വരെ മെറ്റാലിസ്റ്റ് ഖാര്‍കിവിനുവേണ്ടിയും പന്തുതട്ടി. പ്രഫഷണല്‍ ഫുട്‌ബോളിന് തുടക്കമിടുന്നത് ഫ്രശസ്ത യുക്രൈന്‍ ക്ലബ്ബായ ഡൈനാമോ കീവിലെത്തിയപ്പോഴാണ്.

2018-19 സീസണില്‍ ഡൈനാമോ കീവില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ താരം മെറ്റാലിസ്റ്റ് ഖാര്‍കിവിലേക്ക് ചേക്കേറി. അവിടെ നിന്ന് അടുത്ത സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ റൂഖ് എല്‍വീവ് എന്ന ക്ലബ്ബിലേക്കും കൂടുമാറി. 2021-ല്‍ ഇവാനെ ഡൈനാമോ കീവില്‍ നിന്ന് എഫ്.സി ഒലെക്‌സാന്‍ഡ്രിയ സ്വന്തമാക്കി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഒരു വര്‍ഷത്തെ വായ്പാ അടിസ്ഥാനത്തിലാണ് ഇവാന്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടുന്നത്. 

Tags:    
News Summary - Kerala Blasters’ star midfielder from Ukraine hits social media seeking help for father on warfront

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT