സൂപ്പർ ബെൻസേമ, റയൽ

മഡ്രിഡ്: സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ മിന്നും ഫോം തുടർന്നപ്പോൾ റയൽ മഡ്രിഡ് കുതിപ്പ് തുടരുന്നു. ഫ്രഞ്ച് സ്ട്രൈക്കറുടെ ഇരട്ട ഗോൾ കരുത്തിൽ ലാ ലിഗയിൽ മയ്യോർക്കയെയാണ് റയൽ 3-0ത്തിന് തകർത്തത്. ഒരു ഗോൾ ബെൻസേമയുടെ സ്ട്രൈക്കിങ് പാർട്ണർ വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടിൽനിന്നായിരുന്നു. ഇതിന് വഴിയൊരുക്കിയതും ബെൻസേമ തന്നെ. ലാ ലിഗ ടോപ്സ്കോറർ സ്ഥാനത്ത് 22 ഗോളുമായി ബെൻസേമ തന്നെയാണ്.

തൊട്ടുപിറകിൽ 14 ഗോളുമായി വിനീഷ്യസും. അസിസ്റ്റിലും ബെൻസേമ (11) തന്നെയാണ് തലപ്പത്ത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 55ാം മിനിറ്റിൽ ബെൻസേമയുടെ പാസിൽ വിനീഷ്യസാണ് സ്കോറിങ് തുടങ്ങിയത്. 77ാം മിനിറ്റിൽ വിനീഷ്യസ് ഫൗൾ ചെയ്യപ്പെട്ടതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബെൻസേമ അഞ്ചു മിനിറ്റിനുശേഷം മാഴ്സലോയുടെ ക്രോസിൽ തലവെച്ച് ടീമിന്റെ ജയം പൂർത്തിയാക്കി.

ബെൻസേമക്ക് അവസാന രണ്ടു കളികളിൽ അഞ്ചു ഗോളായി. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഫ്രഞ്ച് താരം പി.എസ്.ജിക്കെതിരെ ഹാട്രിക് സ്വന്തമാക്കിയിരുന്നു. അതേസമയം, മത്സരത്തിന്റെ അവസാനഘട്ടത്തിൽ ബെൻസേമക്ക് പരിക്കേറ്റത് റയലിന് തിരിച്ചടിയായി. ഇടത്തേ കാലിനേറ്റ പരിക്കിന്റെ ഗൗരവം വ്യക്തമല്ല.

28 കളികളിൽ 66 പോയന്റുമായാണ് റയൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. രണ്ടാമതുള്ള സെവിയ്യ (56) പത്ത് പോയന്റ് പിറകിലാണ്. റയൽ അവസാന നാലു മത്സരങ്ങളും ജയിച്ചപ്പോൾ നാലിൽ മൂന്നെണ്ണത്തിൽ സമനിലയിൽ കുടുങ്ങിയതാണ് സെവിയ്യക്ക് തിരിച്ചടിയായത്. 51 വീതം പോയന്റുള്ള ബാഴ്സലോണയും (27 കളി) അത്‍ലറ്റികോ മഡ്രിഡും (28 മത്സരം) ആണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Tags:    
News Summary - Karim Benzema stars again as Real Madrid beat Mallorca to extend LaLiga lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.