ഡോർട്ട്മുണ്ട് : റയലിന്‍റെ മധ്യനിരതാരമായ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ അനിയൻ ജോബ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനൊരുങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടർ - 21 ദേശീയ ടീമിൽ കളിച്ച താരം നിലവിൽ ഇംഗ്ലീഷ് ക്ലബ്ബായ സണ്ടർലാന്‍റിന്‍റെ മധ്യനിരയിലെ നിർണ്ണായക ശക്തിയാണ്. 2017 ന് ശേഷം ആദ്യമായി പ്രീമിയർ ലീഗിലേക്ക് സണ്ടർലാൻഡിനെ തിരിച്ചെത്തിക്കാൻ പ്രധാനപങ്കുവഹിച്ച ഈ 19 കാരൻ യൂറോപ്പിലെ കാൽപന്താസ്വാദകരുടെ മനം കവർന്നിട്ടുണ്ട്. മെയ് 24 ന് നടന്ന പ്രീമിയർലീഗ് ചാമ്പ്യൻഷിപ്പ് പ്ലേഓഫ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷെഫേൾഡ് യുണൈറ്റഡിനെ പരാജയപ്പെടത്തിയാണ് സണ്ടർലാന്‍റ് പ്രീമിയർ ലീഗിലേക്ക് വീണ്ടും ടിക്കറ്റെടുത്തത്. ചാമ്പ്യൻഷിപ്പിൽ മികച്ച യുവതാരമായി തെരഞ്ഞെടുത്തത് ജോബിനെയായിരുന്നു. കൃത്യം അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2020 ൽ ഈ പുരസ്കാരം നേടിയത് ബർമിംഗ്ഹാം സിറ്റിയുടെ താരവും ജോബിന്‍റെ സഹോദരനുമായിരുന്ന ജൂഡ് ബെല്ലിംഗ്ഹാം.

2020 ലാണ് ബർമിംഗ്ഹാം സിറ്റിയിൽ നിന്നും ജൂഡ് ബെല്ലിംഗ്ഹാമിനെ ബോറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ കൂടാരത്തിലെത്തിച്ചെത്. മൂന്ന് വർഷത്തെ ക്ലബ്ബ് കരിയറിൽ ടീമിനായി 132 മത്സരങ്ങളിൽ ബൂട്ടുക്കെട്ടി. 2021 ൽ ബെറൂസിയ ജർമ്മൻ കപ്പ് നേടിയപ്പോൾ മധ്യനിരയിൽ കളിമെനഞ്ഞത് ജൂഡ് ആയിരുന്നു. 2023-ൽ തലനാരിഴക്കാണ് ബെറൂസിയക്ക് ബുണ്ടസ് ലീഗ കിരീടം നഷ്ടമായത്. സീസണിൽ ബയേണിനൊപ്പം 71 പോയിന്‍റ് പങ്കിട്ട ഡോർട്ട്മുണ്ട് ഗോൾ ശരാശരിയുടെ വ്യത്യസത്തിലാണ് രണ്ടാമതായത്. തൊട്ടടുത്ത സീസണിൽ ബെല്ലിംഗ്ഹാം സ്പാനിഷ് വമ്പൻമാരായ റയലിനൊപ്പം ചേർന്നു.

ചേട്ടന്‍റെ പഴയടീമിലേക്ക് തന്നെ അനിയനുമെത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്‍റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ബെറൂസിയ മാനേജ്മെന്‍റ് സണ്ടർലാൻഡുമായി ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ജോബ് തന്റെ സഹോദരൻ ജൂഡിന്റെ പാത പിന്തുടരുമെന്നാണ് സൂചനകൾ. ജൂൺ 10 ന് മുമ്പ് ഡോർട്ട്മുണ്ട് കരാർ ഒപ്പിട്ടാൽ ക്ലബ് വേൾഡ് കപ്പിൽ ജോബിന് കളിക്കാനാകും. അതിൽ അദ്ദേഹത്തിന്റെ സഹോദരൻ ജൂഡിന്റെ നിലവിലെ ക്ലബ് റയൽ മാഡ്രിഡും ഉൾപ്പെടുന്നുണ്ട്. ജോബ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ അണ്ടർ-21 ടീമിനായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജൂൺ 11 മുതൽ 28 വരെ സ്ലോവാക്യയിൽ നടക്കുന്ന യൂറോപ്യൻ അണ്ടർ-21 ചാമ്പ്യൻഷിപ്പിനുള്ള ടീമിലും ഇടംപിടിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ ജൂലൈ 13 വരെ അമേരിക്കയിൽ നടക്കുന്ന ക്ലബ് വേൾഡ് കപ്പിനായി കളിക്കാരെ വിട്ടയക്കുമെന്ന് ഇംഗ്ലണ്ടിന്റെ അണ്ടർ-21 പരിശീലകൻ ലീ കാർസ്ലി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Jobe Bellingham:Borussia Dortmund signing Sunderland midfielde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.