അൽ ഹിലാലിനായി ഗോൾ നേടിയ ബ്രസീൽ താരം മാൽക്കം ഫിലിപ്പിന്റെയും അൽ ഇത്തിഹാദിനായി ഗോൾ നേടിയ പോർച്ചുഗൽ താരം ജോട്ടയും ആഹ്ലാദം

സൗദി പ്രൊ ലീഗിൽ മേധാവിത്തം തുടർന്ന് ഇത്തിഹാദും അൽ ഹിലാലും

റിയാദ്: സൗദി പ്രൊ ലീഗ് നാലാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അൽ ഇത്തിഹാദും അൽഹിലാലും മിന്നും പ്രകടനവുമായി ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ അൽ ഹിലാൽ ഏകപക്ഷീയമായ രണ്ട് ഗോളിന് അൽ ഇത്തിഫാഖിനെ പരാജയപ്പെടുത്തി.

24ാം മിനിറ്റിൽ ബ്രസീലിയൻ താരം മാൽക്കം ഫിലിപ്പാണ് അൽഹിലാലിന് വേണ്ടി ആദ്യ ലീഡെടുത്തത്. 41ാം മിനിറ്റിൽ സൗദിതാരം സലീം അൽദവ്സരിയുടെ ഗംഭീരമായ ലോങ്റെയ്ഞ്ചർ ഇത്തിഫാഖ് വലയിലെത്തിയതോടെ ആദ്യപകുതി പിന്നിടും മുൻപെ അൽഹിലാൽ രണ്ട് ഗോളിന് മുന്നിലായി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഇത്തിഫാഖിന് ഗോളൊന്നും കണ്ടെത്താനായില്ല.

അതേ സമയം അൽ ഹിലാലിലെത്തിയ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ അരങ്ങേറ്റം വൈകുകയാണ്. ഫിറ്റ്നസ് വീണ്ടെടുത്ത് നെയ്മർ അടുത്ത മത്സരത്തിൽ അൽഹിലാലിനായി പന്തുതട്ടുമെന്നാണ് ക്ലബ് അധികൃതരുടെ വിശദീകരണം.

നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റുള്ള അൽ ഹിലാൽ പ്രൊലീഗിൽ രണ്ടാം സ്ഥാനത്താണ്. കളിച്ച നാലിൽ നാലും ജയിച്ച അൽ ഇത്തിഹാദാണ് പട്ടികയിൽ ഒന്നാമത്.

തിങ്കളാഴ്ച മക്കയിലെ കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ അൽ വഹ്ദയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് അൽ ഇത്തിഹാദ് തോൽപ്പിച്ചത്. ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരീം ബെൻസെമ നയിച്ച ഇത്തിഹാദ് മുന്നേറ്റ നിരക്ക് ആദ്യപകുതിയിൽ അൽ വഹ്ദ വലിയ പ്രതിരോധമാണ് തീർത്തത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 63ാം മിനിറ്റിൽ ബ്രസീൽ സ്ട്രൈക്കർ റൊമാരിഞ്ഞോ റിക്കാർഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. 67ാം മിനിറ്റിൽ പോർചുഗൽ താരം ജോട്ടയാണ് രണ്ടാം ഗോൾ നേടിയത്. 73ാം മിനിറ്റിൽ ബ്രസീൽ താരം ഇഗോർ കൊറോണഡോയും ലക്ഷ്യം കണ്ടതോടെ അൽ വഹ്ദയുടെ പതനം പൂർണമായി.

മറ്റൊരു മത്സരത്തിൽ അബ്ഹ എഫ്.സി ഒന്നിനെതിരെ രണ്ടുഗോളിന് അൽ ഫെയ്ഹയെ പരാജയപ്പെടുത്തി. അൽ റയിദ് ഏകപക്ഷീയമായ മൂന്ന് ഗോളിന് അൽ റിയാദിനെയും തോൽപ്പിച്ചു. പോയിന്റ് പട്ടികയിൽ 11ാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് അൽ ഷബാബുമായി ഏറ്റുമുട്ടും. റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം. 

Tags:    
News Summary - Ittihad and Al Hilal dominate the Saudi Pro League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.