ഐ.എസ്.എൽ വാക്കൗട്ട്; ബ്ലാസ്റ്റേഴ്സിന്റെ വിധി 10 ദിവസത്തിനകം

ന്യൂഡൽഹി: ഐ.എസ്.എല്ലിൽ വിവാദ ഗോളിന്റെ പേരിൽ മത്സരം മതിയാക്കി തിരിച്ചുകയറിയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി പ്രക്രിയക്ക് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തുടക്കം കുറിച്ചു. 10 ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങൾ നൽകുന്ന സൂചന.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫ് എലിമിനേറ്ററിൽ ബംഗളൂരുവിന് വിവാദ പശ്ചാത്തലത്തിൽ ഗോൾ അനുവദിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം നിർത്തി തിരിച്ചുകയറിയിരുന്നു. തുടർന്ന് കളിക്കാൻ ബ്ലാസ്റ്റേഴ്സ് വിസമ്മതിച്ചതിനുപിന്നാലെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. റഫറിയുടെ തെറ്റായ തീരുമാനം റദ്ദാക്കി മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി പ്രക്രിയക്ക് തുടക്കം കുറിച്ചത്.

അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സ്, ബംഗളൂരു ക്ലബ് പ്രതിനിധികൾ, റഫറിമാർ, ഐ.എസ്.എൽ അധികൃതർ തുടങ്ങിയവരുടെയൊക്കെ വാദം കേട്ടതിനുശേഷമായിരിക്കും നടപടി. ഇതിനു 10 ദിവസം വരെ എടുത്തേക്കാമെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എ.ഐ.എഫ്.എഫ് അച്ചടക്ക ചട്ടം (2021) പ്രകാരം മത്സരത്തിനിടക്ക് തിരിച്ചുകയറിയതിന് ലഭിക്കാവുന്ന ശിക്ഷകൾ ഇവയാണ്: 58.1 വകുപ്പ് പ്രകാരം ആറു ലക്ഷം രൂപ പിഴ.

കുറ്റം കൂടുതൽ ഗൗരവതരമാണെങ്കിൽ 58.2 വകുപ്പ് പ്രകാരം ആറു ലക്ഷം രൂപ പിഴ കൂടാതെ നിലവിലെ ടൂർണമെന്റിൽനിന്ന് പുറത്താവൽ, ഭാവിയിലെ ടൂർണമെൻറിൽനിന്ന് വിലക്ക് എന്നിവ ലഭിക്കാം.

Tags:    
News Summary - ISL walkout; Blasters' verdict in 10 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.