ഐ.എസ്.എൽ: ഷൂട്ടൗട്ടിൽ ജയിച്ച് ബംഗളൂരു ഫൈനലിൽ

ബംഗളൂരു: നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും നീണ്ട സെമി ഫൈനൽ രണ്ടാം പാദ ​പോരാട്ടത്തിൽ മുംബൈയെ മറികടന്ന് ബംഗളൂരു എഫ്.സി ഫൈനലിൽ. ഞായറാഴ്ചത്തെ കളിയിൽ 1-2ന് പിന്നിലായിട്ടും മൊത്തം സ്കോർ 2-2 ആയതിനാൽ സമനില പിടിച്ച് ഷൂട്ടൗട്ടിലെ ജയവുമായി (9-8) ബംഗളൂരു ഐ.എസ്.എൽ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. മുംബൈയിൽ നടന്ന സെമി ഒന്നാം പാദം ബംഗളൂരു 1-0ത്തിന് ജയിച്ചിരുന്നു. ഷൂട്ടൗട്ടിൽ മുംബൈയുടെ മെഹ്താബ് സിങ്ങിന്റെ കിക്കാണ് ആതിഥേയ ഗോളി ഗുർപ്രീത് സിങ് സന്ധു സേവ് ചെയ്തത്. 

ഈമാസം 18ന് ഗോവ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഹൈദരാബാദ് എഫ്.സി-എ.ടി.കെ മോഹൻ ബഗാൻ സെമിയിലെ വിജയികളെ ബംഗളൂരു നേരിടും. ഇത് മൂന്നാം തവണയാണ് ഇവർ ഫൈനലിലെത്തുന്നത്. 

ജോർജ് പെരേര ഡയസിനെ ബംഗളൂരു ഗോളി ഗുർപ്രീത് സന്ധു ഫൗൾ ചെയ്തതിന് എട്ടാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലഭിച്ചെങ്കിലും ഗ്രെഗ് സ്റ്റുവർട്ട് എടുത്ത കിക്ക് ഡൈവ് ചെയ്ത് ഗുർപ്രീത് രക്ഷപ്പെടുത്തി. 22ാം മിനിറ്റിൽ ബംഗളൂരു ഗോളും നേടി. ശിവശക്തിയുടെ ക്രോസിൽ സ്പാനിഷ് താരം ജാവി ഹെർണാണ്ടസിന്റെ ഹെഡർ വലയിലെത്തുകയായിരുന്നു. എന്നാൽ, 31ാം മിനിറ്റിൽ ബിപിൻ സിങ് തൗനോജത്തിലൂടെ മുംബൈ തിരിച്ചടിച്ചു. റൗളിന്റെ ഷോട്ട് ഗുർപ്രീത് സേവ് ചെയ്തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഗോൾവര കടത്തുന്നതിൽ ബിപിന് പിഴച്ചില്ല.

66ാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ലഭിച്ച കോർണറിനെത്തുടർന്ന് സ്റ്റുവർട്ട് നടത്തിയ നീക്കത്തിൽ സെന്റർ ബാക്ക് മെഹ്താബ് ഹെഡറിലൂടെ വലയിലാക്കി. സുനിൽ ഛേത്രിയെ ശിവശക്തിക്ക് പകരക്കാരനായി 70ാം മിനിറ്റിലാണ് കളത്തിൽ ഇറക്കുന്നത്. ഗോൾ മടക്കാനുള്ള ബംഗളൂരു ശ്രമങ്ങൾ എവിടെയും എത്താതിരുന്നപ്പോൾ നിശ്ചിത സമയം മുംബൈയുടെ 1-2 മുൻതൂക്കത്തോടെ അവസാനിച്ച് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

Tags:    
News Summary - ISL: Bengaluru in the final after winning the shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.