ഐ.എസ്.എൽ: പഞ്ചാബിനെ വീഴ്ത്തി ചെന്നൈയിൻ എഫ്.സി

ചെന്നൈ: ഐ.എസ്.എല്ലിൽ പഞ്ചാബ് എഫ്.സിയെ 2-1ന് പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്.സി. 19ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ (പെനാൽറ്റി), 84ാം മിനിറ്റിൽ ഡാനിയൽ ചീമ ചുകു എന്നിവർ നേടിയ ഗോളുകളാണ് ചെന്നൈയിനെ വിജയത്തിലെത്തിച്ചത്. 48ാം മിനിറ്റിൽ ലൂക മാജ്സെനാണ് പഞ്ചാബിന്‍റെ ഗോൾ നേടിയത്.

പോയിന്‍റ് പട്ടികയിലെ ഒമ്പതും പത്തും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. 19ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കൃത്യമായി ഗോളാക്കി വിൽമർ ജോർദാൻ ചെന്നൈക്ക് തുടക്കത്തിൽ തന്നെ ലീഡ് നൽകി. പകുതി സമയം കഴിഞ്ഞുള്ള മൂന്നാം മിനിറ്റിൽ തന്നെ ലൂക മാജ്സെൻ തിരിച്ചടിച്ചു. ഇതോടെ സ്കോർ 1-1ന് സമനിലയിൽ. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെയാണ് 84ാം മിനിറ്റിൽ ഡാനിയൽ ചീമയുടെ വിജയഗോൾ പിറക്കുന്നത്. അവശേഷിക്കുന്ന സമയത്ത് ഗോൾ തിരിച്ചടിക്കാൻ പഞ്ചാബ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോൾമുഖം തുറന്നില്ല. ചെന്നൈയിൻ ഗോളി നവാസിന്‍റെ പ്രകടനം നിർണായകമായി. 

21 മത്സരത്തിൽ നിന്ന് 24 പോയിന്‍റോടെ പട്ടികയിൽ 10ാമതാണ് ചെന്നൈയിൻ. 20 മത്സരത്തിൽ നിന്ന് ഇത്രയും പോയന്‍റോടെ ഒമ്പതാമതാണ് പഞ്ചാബ് എഫ്.സി. 20 മത്സരത്തിൽ നിന്ന് 46 പോയിന്‍റുള്ള മോഹൻ ബഗാനാണ് പട്ടികയിൽ ഒന്നാമത്. എഫ്.സി ഗോവ രണ്ടും, ജാംഷഡ്പൂർ മൂന്നും സ്ഥാനങ്ങളിലുണ്ട്. 

Tags:    
News Summary - ISL 2025 Chennayin FC vs Punjab FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.